പ്രധാനമായും ഡാരില്‍ മിച്ചലിനും ഗ്ലെൻ ഫിലിപ്‌സിനുമെതിരെ കുല്‍ദീപ് യാദവിനെ ഗില്‍ ഉപയോഗിച്ച രീതിയെയാണ് അശ്വിൻ വിമർശിച്ചിരിക്കുന്നത്.

ചെന്നൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര നഷ്ടമായതോടെ ശുഭ്മാൻ ഗില്ലിന്‍റെ നായക മികവില്‍ ആശങ്കകളുയര്‍ന്നിരിക്കുകയാണ്. ഗില്‍ ഇന്ത്യയെ നയിച്ച രണ്ട് പരമ്പരകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വിമർശനങ്ങള്‍ ഉയരുന്നത്. താരങ്ങളിലെ ഉപയോഗിക്കുന്നതില്‍ ഗില്ലിന് വ്യക്തതയോ കൃത്യമായ പദ്ധതികളോ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിന്‍റെ പ്രസ്താവന.

പ്രധാനമായും ഡാരില്‍ മിച്ചലിനും ഗ്ലെൻ ഫിലിപ്‌സിനുമെതിരെ കുല്‍ദീപ് യാദവിനെ ഗില്‍ ഉപയോഗിച്ച രീതിയെയാണ് അശ്വിൻ വിമർശിച്ചിരിക്കുന്നത്. നമ്മള്‍ എന്തുകൊണ്ടാണ് മഹേന്ദ്ര സിങ് ധോണിയേയും രോഹിത് ശർമയേയും പുകഴ്ത്തുന്നത്. അവർക്ക് തങ്ങളുടെ പക്കലുള്ള ബൗളര്‍മാരെ എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്ന് അറിയാമായിരുന്നു. ഏതൊക്കെ ബാറ്റര്‍മാര്‍ക്കെതിരെ ഏതെല്ലാം സാഹചര്യങ്ങളില്‍ ഏത് ബൗളറെ പ്രയോഗിക്കണമെന്നതില്‍ ധാരണക്കുറവ് അവ‍ക്കുണ്ടായിരുന്നില്ല-അശ്വിൻ വ്യക്തമാക്കി.

കഴിഞ്ഞ പോയ മത്സരങ്ങളിലെ പ്രകടനം വെച്ച ഗില്‍ തന്‍റെ ബൗളര്‍മാരില്‍ വിശ്വാസം കുറയ്ക്കുന്നുണ്ടോയെന്ന ആശങ്കയും അശ്വിൻ പങ്കുവെച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മത്സരത്തിന്റെ പേരില്‍ ഒരു ബൗളറിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് അശ്വിൻ ചൂണ്ടിക്കാണിച്ചു. ഗ്ലെൻ ഫിലിപ്‌സിന്‍റെയും ഡാരില്‍ മിച്ചലിന്‍റെയും കൂട്ടുകെട്ട് പൊളിക്കാൻ ഗില്ലിന്‍റെ കൈവശം പ്ലാൻ ബി ഉണ്ടായിരുന്നില്ലെന്നും അശ്വിൻ കുറ്റപ്പെടുത്തി. കുല്‍ദീപിനെ ഒരു ആയുധമായി ഉപയോഗിക്കാതെ കാത്തുവെക്കുകയാണ് ഗില്‍ ചെയ്തതെന്നും അശ്വിന്‍റെ വിമര്‍ശനങ്ങളില്‍ ഉള്‍പ്പെടുന്നു.

"നിങ്ങളുടെ പക്കലുള്ള ഏറ്റവും മികച്ച ബൗളര്‍മാരെ ഉപയോഗിക്കുക, പരാജയപ്പെട്ടാലും കുഴപ്പമില്ല. ക്യത്യമായ സമയത്ത് ഏറ്റവും നല്ല ബൗളര്‍മാ‍ര്‍ക്ക് പന്ത് കൈമാറുക എന്നത് പ്രധാനമാണ്," അശ്വിൻ പറഞ്ഞു. നയിച്ച രണ്ട് പരമ്പരകളും പരാജയപ്പെട്ടതോടെ ഭാവി പരമ്പരകളില്‍ ഗില്ലിന് മികവ് തെളിയിക്കാൻ കഴിയുമോയെന്ന ആശങ്ക വർദ്ധിക്കുകയാണ്. പ്രത്യേകിച്ചും ബാറ്റർ എന്ന നിലയിലെ സമ്മർദം കൂടിയെത്തുമ്പോള്‍.

ന്യൂസിലൻഡിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 1-2നാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യമായാണ് കിവീസ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നതും. ന്യൂസിലൻഡ് താരം ഡാരില്‍ മിച്ചലായിരുന്നു പരമ്പരയിലെ താരം. രണ്ട് സെഞ്ചുറികളും ഒരു അർദ്ധ സെഞ്ചുറിയും മിച്ചല്‍ നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക