വനിതാ ടി20 ലോകകപ്പ്: ഓസീസിനെ വീഴ്‌ത്തി ഇന്ത്യ തുടങ്ങി

By Web TeamFirst Published Feb 21, 2020, 7:09 PM IST
Highlights

ഇന്ത്യ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 17 റൺസിന് തോൽപിച്ചു

സിഡ്‌നി: വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ത്യ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 17 റൺസിന് തോൽപിച്ചു. ഇന്ത്യയുടെ 132 റൺസ് പിന്തുടർന്ന ഓസീസിന് 115 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച തുടക്കം കിട്ടിയ ഓസീസിനെ സ്‌പിന്നർ പൂനം യാദവാണ് എറിഞ്ഞിട്ടത്. പൂനം 19 റൺസിന് നാല് വിക്കറ്റ് വീഴ്‌ത്തി. 

അമ്പത്തിയൊന്ന് റൺസെടുത്ത അലിസ ഹീലിയാണ് ഓസീസിന്‍റെ ടോപ് സ്‌കോറർ. ബെത്ത് മൂനി(6), മെഗ് ലാന്നിംഗ്(5), റാച്ചേല്‍ ഹെയ്‌നസ്(6), എലിസ് പെറി(0), ജെസ് ജൊനാസന്‍(2), അന്നാബേല്‍ സത്തര്‍ലന്‍ഡ്(2), ഡെലീസ കിമ്മിന്‍സ്(2) എന്നിങ്ങനെയാണ് ഓസീസ് താരങ്ങളുടെ സ്‌കോര്‍. 28 റണ്‍സെടുത്ത ഗാര്‍ഡ്‌നര്‍ പുറത്താകാതെ നിന്നു.  പൂനത്തിന്‍റെ നാല് വിക്കറ്റിന് പുറമെ ശിഖ പാണ്ഡേ മൂന്ന് വിക്കറ്റ് നേടി.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 132 റണ്‍സെടുത്തത്. മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനാകാതെ പോയതാണ് കൂറ്റന്‍ സ്‌കോറിലെത്തുന്നതില്‍ നിന്ന് ഇന്ത്യയെ തടഞ്ഞത്. 4.1 ഓവറില്‍ ഓപ്പണര്‍മാര്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. 

പുറത്താവാതെ 49 റണ്‍സെടുത്ത ദീപ്‌തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഷെഫാലി വര്‍മ (29), ജമീമ റോഡ്രിഗസ് (26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് നേടിയ ജെസ് ജോനസെനാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ത്തത്. 

സ്‌മൃതി മന്ഥാന (10), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വേദ കൃഷ്‌ണമൂര്‍ത്തി പുറത്താവാതെ ഒന്‍പത് റണ്‍സെടുത്തു. 

click me!