
പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റിൻഡീസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് തകർത്തടിച്ച ഇന്ത്യ രണ്ടാം ജയത്തോടെ പരമ്പരസ്വന്തമാക്കി. വാലറ്റത്തെ കൂട്ടുപിടിച്ച് അക്ഷർ പട്ടേൽ നടത്തിയ മിന്നും വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്. 35 പന്തിൽ 64 റൺസുമായി അക്ഷർ പട്ടേൽ നിറഞ്ഞാടിയ മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ശ്രേയസ് അയർ (71 പന്തിൽ 63), സഞ്ജു സാംസൺ (54 പന്തിൽ 51) എന്നിവർ തിളങ്ങി. സ്കോർ: വെസ്റ്റിൻഡീസ്– 50 ഓവറിൽ 6 വിക്കറ്റിന് 311. ഇന്ത്യ– 49.4 ഓവറിൽ 8 വിക്കറ്റിന് 312.
ഓപ്പണർ ഷായ് ഹോപ്പിന്റെ (135 പന്തിൽ 115) സെഞ്ച്വറിയുടെയും ക്യാപ്റ്റൻ നിക്കോളാസ് പുരാന്റെ അർധ സെഞ്ചറിയുടെയും (77 പന്തിൽ 74) മികവിലാണ് വിൻഡീസ് 311 എന്ന സ്കോർ പടുത്തുയർത്തിയത്. കൈൽ മെയേഴ്സ് (39), ഷെമാർ ബ്രൂക്സ് (35) എന്നിവരും തിളങ്ങി. ശർദൂർ താക്കൂർ ഏഴോവറിൽ 54 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തിനിറങ്ങിയ ആവേശ് ഖാൻ തല്ലുവാങ്ങി. ആറോവർ എറിഞ്ഞ ആവേശ് 54 റൺസ് വഴങ്ങി. വിക്കറ്റ് വീഴ്ത്തിയതുമില്ല.
മികച്ച ടോട്ടൽ പിന്തുടർന്ന ഇന്ത്യക്ക് ആശാവഹമായ തുടക്കമായിരുന്നില്ല ലഭിച്ചത്. ശുഭ്മാൻ ഗിൽ ഒരുവശത്ത് നന്നായി തുടങ്ങിയപ്പോൾ ക്യാപ്റ്റൻ ശിഖർ ധവാൻ ഇഴഞ്ഞു. 11 ഓവറിൽ സ്കോർ 48ൽ നിൽക്കെ ധവാൻ (31 പന്തിൽ 13) കൂടാരം കയറി. അധികം വൈകാതെ ഗില്ലും(49 പന്തിൽ 43), സൂര്യകുമാർ യാദവും (എട്ട് പന്തിൽ 9) പുറത്തായി. വളരെ നിർണായകമായ ഘട്ടത്തിൽ ബാറ്റിങ്ങിനെത്തിയ സഞ്ജു സാസംണും ശ്രേയസ് അയ്യരും നടത്തിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയത്. ഇരുവരും 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ശ്രേയസാണ് ആദ്യം പുറത്തായത്. 39ാം ഓവറിൽ സ്കോർ 205ൽ നിൽക്കെ സഞ്ജു അപ്രതീക്ഷിതമായി റണ്ണൗട്ടായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. മൂന്ന് വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. എന്നാൽ തോറ്റെന്നുറച്ചുടത്തുനിന്ന് ദീപക് ഹൂഡയെ(36 പന്തിൽ 33) കൂട്ടുപിടിച്ച് അക്ഷർ നടത്തിയ വെടിക്കെട്ടിൽ ഇന്ത്യ വിജയം പിടിച്ചെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!