ഒറ്റ രാത്രി കൊണ്ട് എല്ലാം മാറില്ല; ഇന്ത്യന്‍ ബൗളിംഗ് നിരയെ പിന്തുണച്ച് ഓസീസ് പേസ് ഇതിഹാസം

By Web TeamFirst Published Feb 26, 2020, 5:44 PM IST
Highlights

ന്യൂസിലന്‍ഡ‍ിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിര ഇപ്പോഴും ലോകോത്തര നിലവാരമുള്ളതാണെന്ന് മക്‌ഗ്രാത്ത്.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ നിറം മങ്ങിയ ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയും പിന്തുണച്ച് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. ന്യൂസിലന്‍ഡ‍ിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിര ഇപ്പോഴും ലോകോത്തര നിലവാരമുള്ളതാണെന്ന് മക്‌ഗ്രാത്ത് പറഞ്ഞു.

താരങ്ങളുടെ പരിക്ക് ഇന്ത്യന്‍ ബൗളിംഗിനെ ശരിക്കും അലട്ടിയിരുന്നു. ഇഷാന്ത് ശര്‍മ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയതേയുള്ളു. ബുമ്രയും കുറച്ചുകാലം പരിക്കിന്റെ പിടിയിലായിരുന്നു. ഇന്ത്യന്‍ ബൗളിംഗ് നിരക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ഞാന്‍ കരുതുന്നില്ല. അര്‍ ഇപ്പോഴും ലോകോത്തരം ബൗളിംഗ് ആക്രമണനിര തന്നെയാണ്. അത് ഒറ്റ രാത്രികൊണ്ട് അങ്ങനെ അല്ലാതാവില്ല-മക്‌ഗ്രാത്ത് പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് ആയിരുന്നു നിര്‍ണായകം. എങ്കിലും ടോസ് നഷ്ടമായാലും ബാറ്റിംഗ് നിര സാഹചര്യത്തിന് ഉയരണമായിരുന്നു. തിരിച്ചുവരവില്‍ ഇഷാന്ത് മനോഹരമായാണ് പന്തെറിഞ്ഞത്. രാജ്യാന്തരതലത്തില്‍ തന്റെ കരിയര്‍ പുതുക്കിപണിയാന്‍ ഇഷാന്തിന് കഴിഞ്ഞു. ഷമിയും മികച്ച പേസിലാണ് പന്തെറിയുന്നത്. പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിക്കാനുള്ള കഴിവ് ഷമിയെ അപകടകാരിയാക്കുന്നു.

രണ്ടും മൂന്നും സ്പെല്ലുകളില്‍ മികച്ച പേസില്‍ പന്ത് സ്വിംഗ് ചെയ്യിക്കാനുള്ള കഴിവ് ബുമ്രയെയും ബാറ്റിംഗ് നിരയുടെ പേടിസ്വപ്നമാക്കുന്നുണ്ടെന്നും മക്‌ഗ്രാത്ത് പറഞ്ഞു. ന്യൂസിലന്‍ഡ‍ിനെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുമായി ഇഷാന്ത് തിളങ്ങിയെങ്കിലും ഷമിക്കും ബുമ്രക്കും തിളങ്ങാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മക്‌ഗ്രാത്തിന്റെ പ്രതികരണം.

click me!