കപില്‍ ദേവ് നയിക്കുന്ന എലൈറ്റ് പട്ടികയില്‍ മുഹമ്മദ് ഷമിയും; നേട്ടം വാര്‍ണറുടെ വിക്കറ്റിന് ശേഷം

By Web TeamFirst Published Feb 9, 2023, 1:07 PM IST
Highlights

400 ക്ലബിലെത്തുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ പേസറായി ഷമി. കപില്‍ ദേവ്, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്, ഇഷാന്ത ശര്‍മ എന്നിവരാണ് 400 വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസര്‍മാര്‍. ഇക്കൂട്ടത്തില്‍ ഷമിക്കാണ് മികച്ച ശരാശരിയുള്ളത്. 26.95 ശരാശരിയിലാണ് താരം വിക്കറ്റ് വേട്ട നടത്തിയത്.

നാഗ്പൂര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് പിഴുതാണ് ഷമി സവിശേഷ നാഴികക്കല്ല് ആഘോഷിച്ചത്. 61-ാം ടെസ്റ്റ് കളിക്കുന്ന ഷമി ഇതുവരെ 217 വിക്കറ്റ് നേടിയിട്ടുണ്ട്. 87 ഏകദിനത്തില്‍ 159 വിക്കറ്റും സ്വന്തമാക്കി. 23 ടി20 മത്സരങ്ങളില്‍ 24 വിക്കറ്റും ഷമി നേടിയിട്ടുണ്ട്. ഇന്ന് തന്റെ രണ്ടാം ഓവറില്‍ തന്നെ വാര്‍ണറെ (1) മടക്കാന്‍ ഷമിക്കായിരുന്നു.

ഇതോടെ 400 ക്ലബിലെത്തുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ പേസറായി ഷമി. കപില്‍ ദേവ്, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്, ഇഷാന്ത ശര്‍മ എന്നിവരാണ് 400 വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസര്‍മാര്‍. ഇക്കൂട്ടത്തില്‍ ഷമിക്കാണ് മികച്ച ശരാശരിയുള്ളത്. 26.95 ശരാശരിയിലാണ് താരം വിക്കറ്റ് വേട്ട നടത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുന്ന ഒമ്പാതമത്തെ ഇന്ത്യന്‍ താരമാണ് ഷമി. ലോകത്തെ 56-ാം താരവും. 

അതേസമയം, കൂട്ടത്തകര്‍ച്ച നേരിടുകയാണ് ഓസീസ്. ആദ്യ സെഷനില്‍ രണ്ടിന് 76 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയെങ്കിലും രണ്ടാം സെഷന്റെ തുടക്കത്തില്‍ തന്നെ തകര്‍ന്നു. മര്‍നസ് ലബുഷെയ്ന്‍ (49), മാറ്റ് റെന്‍ഷ്വൊ (0), സ്റ്റീവന്‍ സ്മിത്ത് (37) എന്നിവരെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഓസീസിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 120 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഉസ്മാന്‍ ഖവാജയെ (1) മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു.

നേരത്തെ ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാറിന് അവസരം നല്‍കിയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. സൂര്യക്കൊപ്പം കെ എസ് ഭരതും ടെസ്റ്റില്‍ അരങ്ങേറി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ പുറത്തിരുന്നു. കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറാണ് ഭരത്. ഇഷാന്‍ കിഷന്‍ ടെസ്റ്റ്  അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. 

ഓപ്പണിംഗ് സ്ഥാനത്ത് രോഹിത് ശര്‍മയ്‌ക്കൊപ്പം കെ എല്‍ രാഹുല്‍ തിരിച്ചെത്തി. ചേതേശ്വര്‍ പൂജാര, വിരാട് കോലി എന്നിവര്‍ തൊട്ടടുത് സ്ഥാനങ്ങളില്‍. രവീന്ദ്ര ജഡേജ ഉള്‍പ്പെടെ മൂന്ന് സിപന്നര്‍മാര്‍ ടീമിലുണ്ട്. ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍. പേസര്‍മാരായി ഷമിയും സിറാജും.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയുടെ മകന്‍ ബാഴ്സലോണയിലേക്ക്

click me!