
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര നേടിയതിന്‍റെ ആവേശത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പക്കിറങ്ങുകയാണ് ഇന്ത്യന്‍ ടീം. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങളുമായി ഇറങ്ങിയ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 4-1ന്‍റെ ആധികാരിക ജയം നേടിയപ്പോള്‍ മിന്നിത്തിളങ്ങിയവരില്‍ ഒരാള്‍ പേസര്‍ മുകേഷ് കുമാറായിരുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്ക് ശേഷം വിവാഹം കഴിക്കാനായി മൂന്നാം ടി20യില്‍ നിന്നു വിട്ടു നിന്ന മുകേഷ് കുമാര്‍ നാലാം മത്സരത്തില്‍ തിരിച്ചെത്തി.
അവസാന ടി20യില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി മുകേഷ് കുമാര്‍ തിളങ്ങുകയും ചെയ്തു. എന്നാലിപ്പോള്‍ വിവാഹത്തിനുശേഷം മുകേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിവാഹത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ താനിപ്പോള്‍ ജീവത്തിലെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയിരിക്കുകയാണെന്ന് പറഞ്ഞാണ് മുകേഷ് പറഞ്ഞു തുടങ്ങിയത്. തുടക്കം മുതല്‍ ഒടുക്കം വരെ കൂടെ നില്‍ക്കുന്ന ആളുമായി ഞാനെന്‍റെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയിരിക്കുന്നു. ഭാവിയിലും ഞാന്‍ അവരോടൊപ്പം തന്നെയാണ് മാച്ച് കളിക്കാന്‍ പോകുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ക്കരെപ്പോലും ചിരിപ്പിച്ച മുകേഷിന്‍റെ മറുപടി.
ടി20 ലോകകപ്പില്‍ ആരായിരിക്കും ഇന്ത്യൻ ക്യാപ്റ്റന്‍, രോഹിത്തോ ഹാര്‍ദ്ദിക്കോ?; മറുപടി നല്‍കി ജയ് ഷാ
ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കായുള്ള തയാറെടുപ്പുകള്‍ നടക്കുകയാണെന്നും ദക്ഷിണാഫ്രിക്കയിലെത്തിയശേഷം എങ്ങനെ അവിടുത്തെ വിക്കറ്റുകളില്‍ പന്തെറിയണമെന്ന് തീരുമാനിക്കുമെന്നും മുകേഷ് കുമാര്‍ പറഞ്ഞു.ഓസ്ട്രേലിയക്കെതിരായ അവസാന ടി20യില്‍ വിജയത്തിലേക്ക് നീങ്ങിയ ഓസീസിനെ മുകേഷ് കുമാറിന്‍റെ ഓവറിലാണ് ഇന്ത്യ പിടിച്ചുകെട്ടിയത്. ഒരു ഓവറില്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ടി20യിൽ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെ ഏകദിന ടീമിലും മുകേഷിന് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 17 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തുടങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക