
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ജയിച്ചതിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി മുംബൈ ഇന്ത്യന്‍സ്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. 40 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ മുംബൈ 18.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഇതോടെ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് മൂന്ന് ജയമായി. നാല് തോല്‍വിയും. ആറ് പോയിന്റാണ് അക്കൗണ്ടിലുള്ളത്. തോല്‍വിയോടെ ഹൈദരാബാദ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു. ഏഴ് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള അവര്‍ക്ക് നാല് പോയിന്റാണുള്ളത്. ഇരു ടീമുകള്‍ക്കുമിടയില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഏഴ് മത്സരങ്ങളില്‍ നാല് പോയിന്റാണ് രാജസ്ഥാനും. ഇത്രയും മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവസാന സ്ഥാനത്തും.
അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് അഞ്ച് ജയങ്ങളാണുള്ളത്. ഒരു മത്സരം മാത്രം പരാജയപ്പെട്ട ടീം പത്ത് പോയിന്റുമായിട്ടാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആറില്‍ നാല് മത്സരം വീതം ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. എട്ട് പോയിന്റ് വീതമാണ് മൂന്ന് ടീമുകള്‍ക്കുമുള്ളത്.
ഹോം ഗ്രൗണ്ടില്‍ ആദ്യ ജയത്തിന് ആര്‍സിബി; പഞ്ചാബ് കിംഗ്‌സിന്റെ ലക്ഷ്യം ഒന്നാം സ്ഥാനം
ഏഴ് മത്സരങ്ങളില്‍ എട്ട് പോയിന്റ് സ്വന്തമാക്കിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് അഞ്ചാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ആറാമത്. മൂന്ന് ജയവും നാല് തോല്‍വിയുമാണ് കൊല്‍ക്കത്തയ്ക്കുള്ളത്.