വരുന്നത് സഞ്ജുവിന്റെ കാലം! എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി അംഗം

By Web TeamFirst Published Nov 14, 2022, 12:18 PM IST
Highlights

ഇപ്പോള്‍ സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് ഒരു സെലക്ഷന്‍ കമ്മിറ്റിം അംഗം. അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ സഞ്ജുവിനെ പുറത്തിടാന്‍ ആവില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ ഇന്‍സൈഡ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

മുംബൈ: ടി20 ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തിന് ശേഷം ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയുടെ കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ കളിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് തലമുറമാറ്റത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ യുവതാരങ്ങള്‍ക്ക് പരമ്പര നിര്‍ണായകമായിരിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടിയിട്ടുണ്ട്. കിട്ടുന്ന അവസരങ്ങള്‍ മുതലെടുത്ത് ഏകദിന ലോകകപ്പിനുള്ള ടീമില്‍ കയറാനായിരിക്കും സഞ്ജുവിന്റേയും ശ്രമം. ഈമാസം 18ന് ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. 

ഇപ്പോള്‍ സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് ഒരു സെലക്ഷന്‍ കമ്മിറ്റിം അംഗം. അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ സഞ്ജുവിനെ പുറത്തിടാന്‍ ആവില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ ഇന്‍സൈഡ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സഞ്ജുവിന്റെ കഴിവുള്ള താരമാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. അത് മുമ്പും തെളിയിക്കപ്പെട്ടതാണ്. സഞ്ജുവും ഇഷാന്‍ കിഷനും റിഷഭ് പന്തിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയാല്‍ അവരെ ബെഞ്ചിലിരുത്താന്‍ ഒരാള്‍ക്കും സാധിക്കില്ല. എന്നാല്‍ അവര്‍ക്ക് കിട്ടുന്നു അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം.'' അദ്ദേഹം വ്യക്തമാക്കി.

2022ല്‍ ഇന്ത്യക്കായി അഞ്ച് ടി20 ഇന്നിംഗ്‌സുകള്‍ കളിച്ച സഞ്ജു 179 റണ്‍സാണ് നേടിയത്. 158.40മാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഏകദിനത്തില്‍ 9 ഇന്നിംഗ്‌സുകളാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്. 248 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യ. 82.66 ശരാശരിയിലാണ് സഞ്ജുവിന്റെ നേട്ടം. 

ദിനേശ് കാര്‍ത്തികിന്റെ ഇന്റര്‍നാഷണല്‍ കരിയര്‍ അവസാനിച്ചെന്ന സൂചനയും അദ്ദേഹം നല്‍കി. ''നമുക്കെല്ലാവര്‍ക്കുമറിയാം കാര്‍ത്തിക് സേവനം അധികകാലം ഉണ്ടാവില്ലെന്ന്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി ഭാവി കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. അവിടെ സഞ്ജുവിന്റെ കാര്യവും ചര്‍ച്ചയ്ക്ക് വരും.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.

'മാന്യമായ പ്രതികരണം എന്നു പറഞ്ഞാല്‍ ഇങ്ങനെയാണ്'; മുഹമ്മദ് ഷമിക്ക് മറുപടിയുമായി അക്തര്‍

click me!