
ഡൊമനിക്ക: ബുധനാഴ്ച തുടങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെക്കുറിച്ച് തലപുകച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും. പ്ലേയിംഗ് ഇലവനില്‍ വിക്കറ്റ് കീപ്പറായി ആരെ കളിപ്പിക്കുമെന്നതു മുതല്‍ ബൗളിംഗ് കോംബിനേഷനില്‍ വരെ ഇന്ത്യക്ക് ആശയക്കുഴപ്പമുണ്ട്.
ഓസ്ട്രേലിയക്കെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയിലും പിന്നാലെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും അവസരം കിട്ടിയിട്ടും ബാറ്റിംഗില്‍ തിളങ്ങാനാവാതിരുന്ന വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് വീണ്ടുമൊരു അവസരം നല്‍കണോ അതോ ഇഷാന്‍ കിഷന് ടെസ്റ്റ് അരങ്ങേറ്റം ഒരുക്കണോ എന്നതാണ് ചോദ്യം. കിഷന് അവസരം നല്‍കിയിട്ട് തിളങ്ങിയില്ലെങ്കില്‍ പിന്നെ എന്തു ചെയ്യുമെന്നതും ഇന്ത്യയെ അലട്ടുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ ഭരതിന് അവസരം നല്‍കുകയും തിളങ്ങിയില്ലെങ്കില്‍ രണ്ടാം ടെസ്റ്റില്‍ കിഷന് അനസരം നല്‍കുകയുമാണ് മുന്നിലുള്ള മറ്റൊരു വഴി.
ബാറ്റിംഗ് ഓര്‍ഡറില്‍ ചേതേശ്വര്‍ പൂജാരയുടെ മൂന്നാം നമ്പറില്‍ യശസ്വി ജയ്‌സ്വാളിനെ കളിപ്പിക്കണോ അതോ ശുഭ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറിലിറക്കി യശസ്വിയെ ഓപ്പണറാക്കണോ എന്നതും ഇന്ത്യക്ക് മുന്നിലെ ചോദ്യമാണ്. ഡൊമനിക്ക വിന്‍ഡ്സര്‍ പാര്‍ക്കിലെ പിച്ച് ആദ്യ മൂന്ന് ദിനം പേസര്‍മാരെയും അവസാന രണ്ട് ദിനം സ്പിന്നര്‍മാരെയും തുണക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് സ്പിന്നറും മൂന്ന് പേസറുമായി ഇറങ്ങണോ എന്നതിനും രോഹിത്തിനും ദ്രാവിഡിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അശ്വിനെ ഒഴിവാക്കിയതിനെത്തുടര്‍ന്നുള്ള വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ആദ്യ ടെസ്റ്റില്‍ അശ്വിനും ജഡേജയും കളിക്കാനാണ് സാധ്യത. പേസര്‍മാരായി മുഹമ്മദ് സിറാജ്, ശാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ക്കൊപ്പം ആരാകും മുന്നാം പേസര്‍ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ജയദേവ് ഉനദ്ഘട്ട്, നവീദ് സെയ്നി, മുകേഷ് കുമാര്‍ എന്നിവരാണ് പേസര്‍മാരായി ടീമിലുള്ളത്. ബൗളിംഗ് വൈവിധ്യം കണക്കിലെടുത്ത് ജയദേവ് ഉനദ്ഘട്ടിന് അവസരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.