
നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കായി നാഗ്പൂരിലെത്തിയ ഇന്ത്യൻ ടീം അംഗത്തെ ആരാധകനെന്ന് കരുതി പൊലീസ് തടഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാവുന്ന നാഗ്പൂരിലെ റാഡിസണ്‍ ഹോട്ടലിലെത്തിയപ്പോഴാണ് നാടകീയ സംഭവം.
ഇന്ത്യൻ ടീമിലെ ത്രോ ഡൗണ്‍ സ്പെഷ്യലിസ്റ്റായ രഘുവിനെയാണ് സുരക്ഷാ പരിശോധനക്കിടെ പോലീസ് തടഞ്ഞത്. താന്‍ ഇന്ത്യൻ ടീം അംഗമാണെന്ന് പറഞ്ഞിട്ടും പൊലീസുകാര്‍ ആദ്യം രഘുവിനെ കടത്തിവിട്ടില്ല. കുറച്ചുനേരത്തെ ആശയക്കുഴപ്പത്തിനുശേഷം തെറ്റ് മനസിലായ പൊലീസ് ഉദ്യോഗസ്ഥര്‍ രഘുവിനെ ഹോട്ടലിലേക്ക് കടത്തിവിട്ടു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യൻ താരങ്ങളായ വിരാട് കോലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഇന്നെലെയാണ് നാഗ്പൂരിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് നേരെ ടീം താമസിക്കുന്ന ഹോട്ടലിലെത്തിയപ്പോഴായിരുന്നു രഘുവിനെ പൊലീസ് തടഞ്ഞത്.
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം മറ്റന്നാള്‍ നാഗ്പൂരില്‍ നടക്കും. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും കളിക്കുന്നത്. ചാമ്പ്യൻസ് ട്രോഫി ടീമിലുള്ള പേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരം ഹര്‍ഷിത് റാണയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കുക.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി , അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!