രണ്ട് റണ്‍സ് ഓടിയെടുക്കുകയും നാലു റണ്‍സ് ഓവര്‍ ത്രോ ബൗണ്ടറിയിലൂടെ ബൈ ആയി ലഭിക്കുകയും ചെയ്തതോടെ ബൗളര്‍ ആ പന്തില്‍ വഴങ്ങിയത് ആറ് റണ്‍സ്.

ദില്ലി: ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍(ഐഎസ്‌പിഎല്‍) കഴിഞ്ഞ ദിവസം നടന്ന ഫാല്‍ക്കണ്‍ റൈസേഴ്സ് ഹൈദരാബാദ് കെ വി എന്‍ ബെംഗലരൂ മത്സരത്തിൽ നടന്ന നാടകീയമായൊരു ഫീല്‍ഡിംഗിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാവുന്നത്. ഫാല്‍ക്കൺ റൈസേഴ്സ് ബാറ്റര്‍ വിശ്വജിത് താക്കൂര്‍ മിഡ് വിക്കറ്റിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് സിക്സ് എന്നുറപ്പിച്ചു നില്‍ക്കെ ഫീല്‍ഡര്‍ അവിശ്വസനീയമായി പറന്നുപിടിച്ച് പന്ത് ബൗണ്ടറിക്ക് അകത്തിട്ടു.

ഫീല്‍ഡര്‍ നാലു റണ്‍സ് സേവ് ചെയ്തെങ്കിലും പിന്നീട് നടന്നതായിരുന്നു ഏറ്റവും രസകരം. ഫീല്‍ഡര്‍ തടുത്തിട്ട പന്തെടുത്ത് മറ്റൊരു ഫീല്‍ഡര്‍ ബൗളര്‍ക്ക് എറിഞ്ഞു കൊടുത്തു. ഈ സമയം താക്കൂര്‍ രണ്ടാം റണ്ണിനായി ഓടുകയായിരുന്നു. പിച്ചിന് മധ്യത്തില്‍ നില്‍ക്കെ പന്ത് കൈയില്‍ കിട്ടിയ ബൗളര്‍ ബാറ്ററെ റണ്ണൗട്ടാക്കാനായി പന്തെടുത്ത് നേരെ സ്റ്റംപിലേക്ക് എറിഞ്ഞു. പന്ത് സ്റ്റംപില്‍ കൊണ്ടില്ലെന്ന് മാത്രമല്ല, ലോംഗ് ഓഫിലൂ ബൗണ്ടറി കടക്കുകയും ചെയ്തു.

ചാമ്പ്യൻസ് ട്രോഫി ടീമില്‍ ഒരു മാറ്റം വേണം, ടി20 പരമ്പരയില്‍ തിളങ്ങിയ ആ താരത്തെ ഉള്‍പ്പെടുത്തണമെന്ന് അശ്വിന്‍

രണ്ട് റണ്‍സ് ഓടിയെടുക്കുകയും നാലു റണ്‍സ് ഓവര്‍ ത്രോ ബൗണ്ടറിയിലൂടെ ബൈ ആയി ലഭിക്കുകയും ചെയ്തതോടെ ബൗളര്‍ ആ പന്തില്‍ വഴങ്ങിയത് ആറ് റണ്‍സ്. പന്ത് പറന്നു പിടിച്ച് സിക്സ് ആകാതെ നോക്കിയ ഫീല്‍ഡറുടെ അസാമാന്യ പ്രകടനം പാഴാവുകയും ചെയ്തു. മത്സരത്തില്‍ ഫാല്‍ക്കണ്‍ റൈസേഴ്സ് ഹൈദരാബാദ് ആറ് റണ്‍സിന് ജയിക്കുകയും ചെയ്തു എന്നറിയുമ്പോഴാണ് മത്സരഫലത്തില്‍ എത്രമാത്രം നിര്‍ണായകമായിരുന്നു ആ സിക്സ് എന്ന് വ്യക്തമാകുക. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെടുത്തപ്പോള്‍ ദാനം കിട്ടിയ സിക്സിന്‍റെ സഹായത്തോടെ വിശ്വജിത് താക്കൂര്‍ 19 പന്തില്‍ 26 റണ്‍മായി ടോപ് സ്കോററായി.

Scroll to load tweet…

മറുപടി ബാറ്റിംഗില്‍ ബെംഗലൂരിന് അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഹൈദരാബാദിനായി പന്തെറിഞ്ഞ ഇര്‍ഫാന്‍ ഉമൈർ മൂന്ന് റണ്‍സ് മാത്രമെ വഴങ്ങിയുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക