ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് കടുത്ത ക്വാറന്റീന്‍ പരീക്ഷണം

By Web TeamFirst Published May 8, 2021, 8:32 PM IST
Highlights

ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും മുമ്പ് ടീമംഗങ്ങളും മറ്റു കോച്ചിംഗ് സ്റ്റാഫുകളും ഇന്ത്യയില്‍ എട്ട് ദിവസം ക്വാറന്റീല്‍ കഴിയണം. ഈ മാസം 25 മുതലാണ് ഇന്ത്യന്‍ സംഘം ക്വാറന്റീനില്‍ കഴിയേണ്ടത്. 

ദില്ലി: ഐസിസി ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കടുത്ത പരീക്ഷണം. ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും മുമ്പ് ടീമംഗങ്ങളും മറ്റു കോച്ചിംഗ് സ്റ്റാഫുകളും ഇന്ത്യയില്‍ എട്ട് ദിവസം ക്വാറന്റീല്‍ കഴിയണം. ഈ മാസം 25 മുതലാണ് ഇന്ത്യന്‍ സംഘം ക്വാറന്റീനില്‍ കഴിയേണ്ടത്. പിന്നാലെ ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലെത്തുന്ന ടീം 10 ദിവസവും ക്വാറന്റീനില്‍ കഴിയണം. ഇക്കാലയളവില്‍ ടീമിന് പരിശീലനം നടത്താനുള്ള സൗകര്യം ഉണ്ടാവും.

ആര്‍ടിപിസിആര്‍ പരിശോധനഫലവും നിര്‍ബന്ധമാണ്. മൂന്ന് മാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്നതാണ് ഇന്ത്യയുടെ പര്യടനം. ജൂണ്‍ 18നാണ് ന്യൂസിലന്‍ഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. സതാംപ്ടനാണ് വേദി. ജൂണ്‍ 13ന് ഇന്ത്യന്‍ താരങ്ങളുടെ ക്വാറന്റീന്‍ പൂര്‍ത്തിയാവും. ദൈര്‍ഘ്യമേറിയ പരമ്പരയായതിനാല്‍ താരങ്ങള്‍ക്ക് കുടുംബത്തെ കൊണ്ടുവരുന്നതിലും കുഴപ്പമില്ല. 

ഈ അടുത്ത ദിവസങ്ങളില്‍ യുകെയിലേക്ക് പോവേണ്ട ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം കോവിഡ് വാക്‌സിന്‍ സ്വീകരിക്കും. രണ്ടാം ഘട്ട വാക്‌സില്‍ ഇംഗ്ലണ്ടില്‍ നിന്ന് സ്വീകരിക്കാനുള്ള സംവിധാനവും ബിസിസിഐ ഒരുക്കിയേക്കും. ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകന്‍ രഹാനെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. 

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും എത്തിയേക്കും. ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ പൂര്‍ത്തിയാക്കാനാകുമോ എന്നുള്ള കാര്യം ഇസിബിയുമായി ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. ഓഗസ്റ്റ് നാലിന് നോട്ടിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ്.

click me!