ഇംഗ്ലണ്ടിലേക്ക് കുല്‍ദീപ് വേണമായിരുന്നു; താരത്തെ ഒഴിവാക്കിയതില്‍ പ്രതികരിച്ച് ആകാശ് ചോപ്ര

By Web TeamFirst Published May 8, 2021, 4:21 PM IST
Highlights

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ടീമിനുള്ള 20 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരം പുറത്തായി. കുല്‍ദീപ് ടീമില്‍ വേണമായിരുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്.

മുംബൈ: 2019 ഏകദിന ലോകകപ്പിന് ശേഷം കുല്‍ദീപ് യാദവിന് കാര്യമായൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി ചെയ്യാന്‍ സാധിച്ചിട്ടില്ല. ഫോം നഷ്ടമായ താരത്തെ ഈ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരു മത്സരത്തില്‍ പൊലും കളിപ്പിച്ചില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു ടെസ്റ്റില്‍ മാത്രമാണ് കളിച്ചത്. പിന്നാലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഒരു ടെസ്റ്റിലും അവസരം ലഭിച്ചു. 

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ടീമിനുള്ള 20 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരം പുറത്തായി. എന്നാല്‍ കുല്‍ദീപ് ടീമില്‍ വേണമായിരുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്. ''കുല്‍ദീപിനെ ഒഴിവാക്കാനുളള തീരുമാനം കടുത്തതായി തോന്നുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ഓരോ ടെസ്റ്റ് മാത്രമാണ് കുല്‍ദീപ് കളിച്ചത്. കൂടുതല്‍ അവസരം അവന് ലഭിച്ചിട്ടില്ല. അവന് ഇനിയും അവസരം നല്‍കാമായിരുന്നു എന്നാണ് എന്റെ പക്ഷം. 

ഇംഗ്ലണ്ടിലേക്ക് ജംബൊ സംഘത്തെയാണ് അയക്കുന്നത്. ടീമിലുള്ള ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം ഫിംഗര്‍ സ്പിന്നര്‍മാരാണ്. എന്തുകൊണ്ട് റ്വിസ്റ്റ് സ്പിന്നറെ ഉള്‍പ്പെടുത്താന്‍ സെലക്റ്റര്‍മാര്‍ മുതിര്‍ന്നില്ല. റ്വിസ്റ്റ് സ്പിന്നറെ നേരിടുന്നത് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ സംബന്ധിച്ചിടത്തോളം എളുപ്പമാവില്ല.'' ചോപ്ര കൂട്ടിച്ചര്‍ത്തു.

ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. ഓഗസ്റ്റ് നാലിന് നോട്ടിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ്. അതിന് മുമ്പ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനേയും നേരിടും. ജൂണ്‍ 18ന് സതാംപ്ടണിലാണ് മത്സരം.

click me!