U19 World Cup : വിക്കി ഒസ്ത്വാളും യഷ് ദുള്ളും പട നയിച്ചു; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

By Web TeamFirst Published Jan 16, 2022, 9:18 AM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 46.5 ഓവറില്‍ 232ന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ യഷ് ദുള്‍ (82) മുന്നില്‍ നിന്ന് നയിച്ചു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 45.4 ഓവറില്‍ 187ന് കൂടാരം കയറി.
 

കിംഗ്‌സ്റ്റണ്‍: അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ (U19 World Cup) ഇന്ത്യക്ക് ജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയെ 45 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ കൗമാരപ്പട അരങ്ങേറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 46.5 ഓവറില്‍ 232ന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ യഷ് ദുള്‍ (82) മുന്നില്‍ നിന്ന് നയിച്ചു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 45.4 ഓവറില്‍ 187ന് കൂടാരം കയറി. അഞ്ച് വിക്കറ്റെടുത്ത വിക്കി ഒസ്ത്വാളാണ് (Vicky Ostwal) ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രാജ് ബാവയ്ക്ക് നാല് വിക്കറ്റുണ്ട്.

65 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. ജോര്‍ജ് വാന്‍ ഹീര്‍ഡെന്‍ (36), വാലിന്റൈന്‍ കിതിമെ (25), ലിയാം അള്‍ഡര്‍ (പുറത്താവാതെ 17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് ഒസ്ത്വാള്‍ അഞ്ച് വിക്കറ്റ് നേടിയത്. ബാവ 6.4 ഓവറില്‍ 47 റണ്‍സ് വഴങ്ങി നാല് പേരെ മടക്കി.

നേരത്തെ, മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ആറ് ഓവറുകള്‍ക്കിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ഹര്‍നൂര്‍ സിംഗ് (1), ആംഗ്കൃഷ് രഘുവന്‍ഷി (5) എന്നിവര്‍ നിരാശപ്പെടുത്തി. അഫിവെ ന്യാണ്ടയാണ് രണ്ട് വിക്കറ്റുകളും നേടിയത്. പിന്നാലെ ഒത്തുച്ചേര്‍ന്ന ഷെയ്ഖ് റഷീദ് (31) ദുള്‍ സഖ്യം ഇന്ത്യക്ക് ആശ്വാസമായി. ഇരുവരും 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

റഷീദ് മടങ്ങിയ ശേഷം നിശാന്ത് സിദ്ദു (27) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കുശാല്‍ താംബെ (13)യാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ദിനേശ് ബന (7), വിക്കി ഒസ്ത്വാള്‍ (9), രാജ്യവര്‍ദ്ധന്‍ ഹങ്കാര്‍ഗേക്കര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 100 പന്തില്‍ 11 ബൗണ്ടറികളുടെ സഹായത്തോടെയാണ് ദുള്‍ 82 റണ്‍സെടുത്തത്. മാത്യൂ ബോസ്റ്റ് ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റെടുത്തു. 

ടീം ഇന്ത്യ: ഹര്‍നൂര്‍ സിംഗ്, ആംഗ്കൃഷ് രഘുവന്‍ഷി, ഷെയ്ഖ് റഷീദ്, യാഷ് ദുള്‍, നിശാന്ത് സിദ്ദു, രാജ് ബാവ, കുശാള്‍ താംബെ, ദിനേശ് ബന (വിക്കറ്റ് കീപ്പര്‍), രാജ്യവര്‍ദ്ധന്‍ ഹങ്കാര്‍ഗേക്കര്‍, വിക്കി ഒസ്ത്വാള്‍, രവി കുമാര്‍. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അയര്‍ലന്‍ഡ് 39 റണ്‍സിന് ഉഗാണ്ടയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഉഗാണ്ട 48.1 ഓവറില്‍ 197ന് എല്ലാവരും പുറത്തായി.

click me!