ഇതൊക്കെ സര്‍വസാധാരണം; ചേതേശ്വര്‍ പൂജാരയ്ക്ക് ഇന്ത്യന്‍ ഉപനായകന്റെ പിന്തുണ

By Web TeamFirst Published Feb 27, 2020, 5:08 PM IST
Highlights

ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിലും ഫോമിന്റെ കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും 11 വീതം റണ്‍സാണ് പൂജാര നേടിയത്. ഇതോടെ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് ചേതേശ്വര്‍ പൂജാര. നാട്ടിലെന്നോ വിദേശത്തെന്നോ വ്യത്യാസമില്ലാതെ താരം മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. ഓസ്ട്രേലിയയില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര നേടുമ്പോള്‍ പൂജാരയുടെ ഭാഗം വിലമതിക്കാനാവാത്തതായിരുന്നു. എന്നാല്‍ അടുത്തകാലത്തായി മികച്ച ഫോമിലല്ല താരം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും താരം മോശം ഫോമിലായിരുന്നു.

ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിലും ഫോമിന്റെ കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും 11 വീതം റണ്‍സാണ് പൂജാര നേടിയത്. ഇതോടെ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സഹതാരം അജിന്‍ക്യ രഹാനെ. ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരമാണ് രഹാനെ.

ഇങ്ങനെയൊരു സാഹചര്യത്തിലൂടെ ഏതൊരുതാരവും കടന്നുപോകുമെന്ന് രഹാനെ പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡ് മികച്ച രീതിയില്‍ കളിച്ചു. അവരുടെ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടത്തു. പൂജാര ഇവര്‍ക്കെതിരെ റണ്‍സ് നേടാന്‍ ശ്രമിച്ചപ്പോഴാണ് പുറത്തായത്. എന്നാല്‍ ഒരു മോശം പന്ത് പോലും കിവീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഒരു ബാറ്റ്‌സ്മാന്റെ കരിയറില്‍ ഇത്തരം കാര്യങ്ങളൊക്കെ സംഭവിക്കും. എല്ലാവരുടെയും ഗെയിം ഒരുപോലെയല്ല. ഒരു ടീം എന്ന നിലയില്‍ മുന്നേറാനാണ് ശ്രമിക്കുന്നത്.

വെല്ലിങ്ടണിലെ അതേ സാഹചര്യമാണ് ക്രൈസ്റ്റ്ചര്‍ച്ചിലും. ഇന്ത്യ എ ടീം ഇവിടെ കളിച്ചിരുന്നു. എന്നാല്‍ അല്‍പംകൂടി മികച്ച വിക്കറ്റാണിത്. എല്ലാവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.'' രഹാനെ പറഞ്ഞു. മുഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്ര എന്നവരുടെ കാര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും ഇന്ത്യ ടീം ആയിട്ട് തന്നെ തിരിച്ചവരുമെന്നും വൈസ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

click me!