ഓസീസിന്‍റെ 'ചെണ്ട'യായി ഭുവിയും ഹര്‍ഷലും ചാഹലും, ഡെത്ത് ബൗളിംഗ് വീണ്ടും ചതിച്ചു; കളി കൈവിട്ട് ഇന്ത്യ

By Gopala krishnanFirst Published Sep 20, 2022, 10:52 PM IST
Highlights

അവസാന നാലോവറില്‍ ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 55 റണ്‍സ്. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ മാത്യു വെയ്ഡും ടിം ഡേവിഡും ചേര്‍ന്ന് അടിച്ചെടുത്തത് 15 റണ്‍സ്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പതിനെട്ടാം ഓവറോടെ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതി.

മൊഹാലി: ജസ്‌‌പ്രീത് ബുമ്രയുടെ അഭാവം ഇന്ത്യ വീണ്ടും അറിഞ്ഞു. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്‍റെ അവസാന നാലോവര്‍ വരെ ഇന്ത്യയായിരുന്നു ഡ്രൈവിംഗ് സീറ്റില്‍. കാമറൂണ്‍ ഗ്രീനിന്‍റെ വെടിക്കെട്ടിന് ശേഷം ഉമേഷ് യാദവിന്‍റെയും അക്സര്‍ പട്ടേലിന്‍റെയും ബൗളിംഗ് മികവില്‍ ഓസീസിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ട ഇന്ത്യ വിജയം ഉറപ്പിച്ചതായിരുന്നു.

അവസാന നാലോവറില്‍ ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 55 റണ്‍സ്. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ മാത്യു വെയ്ഡും ടിം ഡേവിഡും ചേര്‍ന്ന് അടിച്ചെടുത്തത് 15 റണ്‍സ്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പതിനെട്ടാം ഓവറോടെ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതി.

അസാധ്യം, അപാരം; ഹര്‍ഷലിന്‍റെ സിക്സ് തടഞ്ഞ മാക്സ്‌വെല്ലിന്‍റെ ഫീല്‍ഡിംഗ് കണ്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം

ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റായ ഹര്‍ഷല്‍ പതിനെട്ടാം ഓവറില്‍ വഴങ്ങിയത് 22 റണ്‍സ്. ഇതോടെ അവസാന രണ്ടോവറില്‍ ഓസീസ് ലക്ഷ്യം 18 റണ്‍സായി കുറഞ്ഞു. ഭുവി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ഓസീസ് 16 റണ്‍സ് കൂടി നേടി അവസാന ഓവറിലെ ലക്ഷ്യം ഓസീസ് രണ്ട് റണ്‍സാക്കി. ചാഹല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ടിം ഡേവിഡ് പുറത്തായെങ്കിലും രണ്ടാം പന്ത് ബൗണ്ടറി കടത്തി പാറ്റ് കമിന്‍സ് അനായാസം ഓസീസിനെ വിജയവര കടത്തി.

ഇന്ത്യന്‍ ബൗളര്‍മാരില്‍ നാലോവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേല്‍ മാത്രമാണ് തിളങ്ങിയത്. നാലോവറില്‍ 52 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ കുമാര്‍ തീര്‍ത്തും നിറം മങ്ങിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 49 റണ്‍സും യുസ്‌വേന്ദ്ര ചാഹല്‍ 3.2 ഓവറില്‍ 42 റണ്‍സും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടോവറില്‍ 22 റണ്‍സും വഴങ്ങി.

അടുത്ത മാസം ഒന്ന് മുതല്‍ ക്രിക്കറ്റില്‍ വരുന്ന പുതിയ പരിഷ്കാരങ്ങള്‍

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സിക്സറടിച്ചാണ് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് തുടങ്ങിയത്. മുഹമ്മദ് ഷമിക്ക് പകരം ടീമിലെത്തിയ ഉമേഷ് യാദവിന്‍റെ ആദ്യ നാലു പന്തും ബൗണ്ടറി കടത്തി കാമറൂണ്‍ ഗ്രീനും മോശമാക്കിയില്ല. ഉമേഷ് സ്മിത്തിനെയും മാക്സ്‌വെല്ലിനെയും വീഴ്ത്തിയെങ്കിലും രണ്ടോവറില്‍ വഴങ്ങിയത് 27 റണ്‍സ്.

click me!