
കാണ്‍പൂര്‍: ന്യൂസിന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ കളിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യയുടെ താല്‍കാലിക വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാര. 25ന് കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. അതിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ഇതുവരെ മികച്ച പ്രകടനമാണ് ഗില്‍ നടത്തുന്നതെന്ന് പൂജാര വ്യക്തമാക്കി.
പൂജാരയുടെ വാക്കുകള്‍... ''കരിയറിലെ ഈയൊരു ഘട്ടത്തില്‍ ഗില്ലിന്റെ ഭാവിയെ കുറിച്ച് പറയാന്‍ കഴിയില്ല. എന്നാല്‍ ഒരുകാര്യം ഉറപ്പാണ്. കഴിവുളള താരമാണ് ഗില്‍. അവന്‍ പ്ലയിംഗ് ഇലവന്റെ ഭാഗം തന്നെയാണ്. അവനെ കുറിച്ചോര്‍ത്ത് കൂടുതല്‍ ആകുലപ്പെടേണ്ടതില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി അവന്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കുന്നു. നിര്‍ഭാഗ്യവശാല്‍ അവന് ഇംഗ്ലണ്ടിനെതിരായ മത്സരം പരിക്കിനെ തുടര്‍ന്ന് നഷ്ടമായി. ഞാന്‍ വീണ്ടും പറയുന്നു. അവന്‍ കഴിവുള്ളവനാണ്. കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു.'' പൂജാര പറഞ്ഞു.
ഗില്‍ ബാറ്റ് ചെയ്യുന്ന കുറിച്ചും പൂജാര സംസാരിച്ചു. ''ഇത്തരം കാര്യങ്ങളെല്ലാം രാഹുല്‍ ഭായ് (പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്) സംസാരിക്കുന്നതാവും നല്ലത്. അദ്ദേഹത്തിന് മികച്ച രീതിയില്‍ ഗില്ലിനെ നയിക്കാനാവും. ഗില്ലിന്റെ സ്വതസിദ്ധമായ ഗെയിം അവന്‍ കളിക്കും. അവന്റെ ബാറ്റിംഗ് പൊസിഷന്‍ ഏതായിരിക്കുമെന്ന് പറയാന്‍ എനിക്കാനാവില്ല. അവന്‍ നന്നായി തയ്യാറെടുത്തിട്ടുണ്ട്. പരമ്പരയില്‍ അവന്‍ നന്നായി കളിക്കുമെന്ന് എനിക്ക് ഉറപ്പാണ്.''
കിവീസിനെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. മുംബൈയിലാണ് രണ്ടാം ടെസ്റ്റ്. അജിന്‍ക്യ രഹാനെയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. രണ്ടാം ടെസ്റ്റില്‍ വിരാട് കാലി ക്യാപ്റ്റനായി തിരിച്ചെത്തും. അതേസമയം പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുലിന് പരമ്പര നഷ്ടമാവും. അങ്ങനെ വരുമ്പോള്‍ ഗില്‍ ഓപ്പണറാവാന്‍ തന്നെയാണ് സാധ്യത. രാഹുലിന് പകരം സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!