INDvNZ : 'ഇന്ത്യ കിവീസിനെ ഭയപ്പെട്ടിരുന്നു'; കാണ്‍പൂര്‍ ടെസ്റ്റ് സമനിലയിലായതിനെ കുറിച്ച് മുന്‍ പാക് താരം

By Web TeamFirst Published Nov 30, 2021, 6:24 PM IST
Highlights

ഒമ്പത് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായെങ്കിലും രചിന്‍ രവീന്ദ്ര (Rachin Ravindra), അജാസ് പട്ടേല്‍ (Ajaz Patel) എന്നിവരുടെ ചെറുത്തുനില്‍പ്പ് കിവീസിന് വിജയതതുല്യമായ സമനില സമ്മാനിച്ചു.

ഇസ്ലാമാബാദ്: ന്യൂസിലന്‍ഡ് വാലറ്റം പുറത്തെടുത്ത ചെറുത്തുനില്‍പ്പാണ് കാണ്‍പൂര്‍ ടെസ്റ്റില്‍ (Kanpur Test) ഇന്ത്യക്ക് ജയം നിഷേധിച്ചത്. ഒമ്പത് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായെങ്കിലും രചിന്‍ രവീന്ദ്ര (Rachin Ravindra), അജാസ് പട്ടേല്‍ (Ajaz Patel) എന്നിവരുടെ ചെറുത്തുനില്‍പ്പ് കിവീസിന് വിജയതതുല്യമായ സമനില സമ്മാനിച്ചു. കൂടാതെ വെളിച്ചക്കുറവിനെ തുടര്‍ന്ന് അവസാനദിനം നേരത്തെ അവസാനിപ്പിച്ചതും ഇന്ത്യയുടെ ജയത്തിനിടയില്‍ വിലങ്ങുതടിയായി. 

ഇന്ത്യക്ക് നാലാംദിനം നേരേെത്ത ഡിക്ലയര്‍ ചെയ്യാമായിരുന്നുവെന്ന് വാദിക്കുന്ന നിരവധി  പേരുണ്ട്. അതിലൊരാളാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ പേടിയായിരുന്നുവെന്നാണ് ബട്ട് പറയുന്നത്. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സല്‍മാന്റെ വാക്കുകള്‍... ''കാണ്‍പൂര്‍ ടെസ്റ്റിന്റെ നാലാംദിനം മൂന്നാം സെഷനില്‍ 15-20 ഓവര്‍ മാത്രമാണ് ഇന്ത്യ പന്തെറിഞ്ഞത്. നാലാം നേരത്തെ ഡിക്ലയര്‍ ചെയ്ത് ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിന് വിടണമായിരുന്നു.  തൊട്ട് മുമ്പുള്ള മൂന്ന് ദിവസവും വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം നേരത്തെ നിര്‍ത്തിയത് കൂടി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ മനസിലാക്കണമായിരുന്നു. ആ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഓവര്‍ പന്തെറിയാന്‍ ഇന്ത്യ കണ്ടെത്തണമായിരുന്നു.

അവസാന ദിവസം വലിയ റിസ്‌ക്കിനൊന്നും കിവീസ് മുതിരുമായിരുന്നില്ല. എന്നാല്‍ കിവീസ് വിജയലക്ഷ്യം മറികടക്കുമോ എന്ന് ഇന്ത്യ പേടിച്ചു. നാലാം ദിനം ഒരു മണിക്കൂര്‍ മുമ്പ് ഡിക്ലയര്‍ ചെയ്തിരുന്നുവെങ്കില്‍ 15 ഓവര്‍ കൂടുതല്‍ എറിയാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നു. മാത്രമല്ല രണ്ടോ മൂന്നോ വിക്കറ്റുകള്‍ വീഴ്ത്താനും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞേനെ. അവസാന 40 റണ്‍സ് കണ്ടെത്താന്‍ ഇന്ത്യ ഒരു മണിക്കൂര്‍ എടുത്തതായും സല്‍മാന്‍ ബട്ട് കുറ്റപ്പെടുത്തി. അവിടെ മെല്ലെപ്പോക്കും വിനയായി.'' സല്‍മാന്‍ കുറ്റപ്പെടുത്തി. 

അവസാന സെഷനില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് വീഴ്ത്തി വിജയത്തിന് അടുത്തെത്തിയെങ്കിലും രചിന്‍ രവീന്ദ്രയുടെയും അജാസ് പട്ടേലിന്‍റെയും അപ്രതീക്ഷിത ചെറുത്തുനില്‍പ്പിലാണ് ഒടുവില്‍ സമനില വഴങ്ങിയത്. ഇരുവരും ചേര്‍ന്ന് ഒമ്പതോവറോളം പ്രതിരോധിച്ചു നിന്നതാണ് ഇന്ത്യയില്‍ നിന്ന് വിജയം അകറ്റിയത്.

click me!