165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനെയും(0), ജോസ് ബട്‌ലറെയും നഷ്ടമായിരുന്നു.

പല്ലെക്കലെ: ടി20 ലോകകപ്പിലെ നിര്‍ണായ സൂപ്പര്‍ 8 പോരാട്ടത്തില്‍ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തകർത്ത് സെമിയിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത പാകിസഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 51 പന്തില്‍ 100 റണ്‍സെടുത്ത് ഒറ്റക്ക് പൊരുതിയ ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്‍റെ പ്രകടനമാണ് ഇംഗ്ലണ്ടിന്‍റെ സെമി ടിക്കറ്റുറപ്പിച്ചത്. ബ്രൂക്കിന് പുറമെ 28 റണ്‍സെടുത്ത വില്‍ ജാക്സും 16 റണ്‍സെടുത്ത സം കറനും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.

165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനെയും(0), ജോസ് ബട്‌ലറെയും നഷ്ടമായിരുന്നു. പിന്നാലെ ജേക്കബ് ബെഥേലും(8),ടോം ബാന്‍റണും(2) കൂടി മടങ്ങുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ സ്കോര്‍ ബോര്‍ഡില്‍ 58 റണ്‍സെ ഉണ്ടായിരുന്നുള്ളു. സാം കറനെ(16) കൂട്ടുപിടിച്ച് പിന്നീട് ബ്രൂക്ക് നടത്തിയ അവിശ്വസനീയ പോരാട്ടമാണ് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ചത്. 50 പന്തില്‍ ആദ്യ ടി20 സെഞ്ചുറി കുറിച്ച ബ്രൂക്ക് 10 ഫോറും നാലു സിക്സും പറത്തി. സെഞ്ചുറി നേടിയതിനുശേഷം തൊട്ടടുത്ത പന്തില്‍ ബ്രൂക്ക് പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് വീണ്ടും കൂട്ടത്തകര്‍ച്ച നേരിട്ടു. ജയത്തിലേക്ക് 10 റണ്‍സ് വേണ്ടപ്പോഴാണ് ബ്രൂക്ക് മടങ്ങിയത്. പിന്നാലെ 155-5ല്‍ നിന്ന് ഇംഗ്ലണ്ട് 161-8ലേക്ക് കൂപ്പുകുത്തിയെങ്കിലും ജോഫ്ര ആര്‍ച്ചറുടെ ബൗണ്ടറി ഇംഗ്ലണ്ടിന്‍റെ വിജയം ഉറപ്പിച്ചു. പാകിസ്ഥാനുവേണ്ടി ഷഹീൻ അഫ്രീദി നാലു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണർ ഷാഹിബ്സാദ ഫര്‍ഹാൻ(45 പന്തില്‍ 63) ആണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. സയ്യിം അയൂബും(7), സല്‍മാന്‍ അലി ആഗയും(5) നിരാശപ്പെടുത്തിയപ്പോള്‍ ബാബര്‍ അസം(25), ഫഖര്‍ സമന്‍(16 പന്തില്‍ 25), ഷദാബ് ഖാന്‍(11 പന്തില്‍ 23) എന്നിവരുടെ ചെറുത്തുനില്‍പാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇംഗ്ലണ്ടിനായി ലിയാം ഡോസണ്‍ മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ ഇംഗ്ലണ്ട് സെമിയിലെത്തിയപ്പോള്‍ അവസാന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചാല്‍ മാത്രമെ പാകിസ്ഥാനെ സെമിയിലെത്താന്‍ നേരിയ സാധ്യതയെങ്കിലും അവശേഷിപ്പിക്കാനാവു. പാകിസ്ഥാനെതിരായ ആദ്യ മത്സരം മഴമൂലം നഷ്ടമായി പോയന്‍റ് പങ്കുവെച്ച ന്യൂസിലന്‍ഡിനാകട്ടെ ശ്രീലങ്കക്കും ഇംഗ്ലണ്ടിനുമെതിരെ ഓരോ മത്സരങ്ങള്‍ ബാക്കിയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക