INDvNZ : കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യന്‍ ബൗളര്‍മാര്‍; ഇന്ത്യക്ക് സമ്പൂര്‍ണാധിപത്യം, കൂറ്റന്‍ ലീഡിലേക്ക്

By Web TeamFirst Published Dec 4, 2021, 5:52 PM IST
Highlights

ഇന്ത്യയുടെ 325നെതിരെ കിവീസ് കേവലം 62 പുറത്തായി. നാല് വിക്കറ്റ് നേടിയ ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജുമാണ് സന്ദര്‍ശകരെ തകര്‍ത്തത്. 17 റണ്‍സ് നേടിയ കെയ്ല്‍ ജെയ്മിസണാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.
 

മുംബൈ: ന്യൂസിലന്‍ഡിനെതിരെ (INDvNZ) രണ്ടാം ടെസ്റ്റിന്റെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ 332 റണ്‍സിന്റെ ലീഡെടുത്തിട്ടുണ്ട് ഇന്ത്യ. ഓപ്പണര്‍മാരായ ചേതേശ്വര്‍ പൂജാര (29), മായങ്ക് അഗര്‍വാള്‍ (38) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഇന്ത്യയുടെ 325നെതിരെ കിവീസ് കേവലം 62 പുറത്തായി. നാല് വിക്കറ്റ് നേടിയ ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജുമാണ് സന്ദര്‍ശകരെ തകര്‍ത്തത്. 17 റണ്‍സ് നേടിയ കെയ്ല്‍ ജെയ്മിസണാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. നേരത്തെ അജാസ് പട്ടേലിന്റെ പത്ത് വിക്കറ്റ് പ്രകടനാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ നിയന്ത്രിച്ച് നിര്‍ത്തിയത്. 150 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ 52 റണ്‍സ് നേടി.

രണ്ടാം ഇന്നിംഗ്‌സിലും നല്ല തുടക്കം

 

രണ്ടാം ഇന്നിംഗ്‌സിലും മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ശുഭ്മാന്‍ ഗില്ലിന് പകരം പൂജാരയെ ഓപ്പണറാക്കിയാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചത്.  മോശം ഫോമിലുള്ള പൂജാര ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിംഗ്‌സ്. ആറ് ബൗണ്ടറികള്‍ അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിംഗ്‌സ്. 

സിറാജിന്റെ സ്‌പെല്‍

 

ന്യൂസിലന്‍ഡ് നിരയിലെ ആദ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയതും സിറാജായിരുന്നു. വില്‍ യംഗാണ് (4) ആദ്യം മടങ്ങിയത്. സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച്. അതേ ഓവറില്‍ ടോം ലാഥവും (10) ക്രീസ് വിട്ടു. ഇത്തവണ ശ്രേയസ് അയ്യരാണ് ക്യാച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ റോസ് ടെയല്‌റുടെ (1) വിക്കറ്റും സിറാജ് ഇന്ത്യക്ക് സമ്മാനിച്ചു. മനോഹരമായൊരു പന്തില്‍ ടെയ്‌ലര്‍ ബൗള്‍ഡ്. ന്യൂസിലന്‍ഡ് മൂന്നിന് 17 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

സ്പിന്നര്‍മാരുടെ ഊഴം

       

ബാക്കിയുള്ള വിക്കറ്റുകള്‍ സ്പിന്നര്‍മാരുടെ അക്കൗണ്ടിലാണ്. ഡാരില്‍ മിച്ചലിനെ (8) വിക്കറ്റിന് മുന്നില്‍ കുടുക്കി അക്‌സര്‍ തുടക്കമിട്ടു. പിന്നാലെ ഹെന്റി നിക്കോള്‍സിനെ (7) അശ്വിന്‍ ബൗള്‍ഡാക്കി. രചിന്‍ രവീന്ദ്ര (4) ജയന്ത് യാദവിനും വിക്കറ്റ് നല്‍കി. അല്‍പനേരം പിടിച്ചുനിന്ന ടോം ബ്ലണ്ടലിനെ (7) അശ്വിന്‍ പൂജാരയുടെ കൈകളിലെത്തിച്ചു. ടിം സൗത്തിയെ (0) കൂടി പുറത്താക്കി അശ്വിന്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ ക്രീസിലെത്തിയ സോമര്‍വില്ലെ 25 പന്ത് പിടിച്ചുനിന്നു. പിന്നാലെ റണ്‍സൊന്നുമെടുക്കാതെ പുറത്ത്. അശ്വിനായിരുന്നു വിക്കറ്റ്. ജെയ്മിസണാവട്ടെ അക്‌സറിന്റെ പന്തില്‍ ശ്രേയസിന് ക്യാച്ച് നല്‍കി. അജാസ് പട്ടേല്‍ (0) പുറത്താവാതെ നിന്നു. ജെയ്മിസണിന് പുറമെ ലാഥം മാത്രമാണ് രണ്ടക്കം കണ്ട ഏക ബാറ്റ്‌സ്മാന്‍. 
 
അജാസ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങി

 

ഒന്നാംദിനം അവസാനിക്കുമ്പോല്‍ നാല് വിക്കറ്റുണ്ടായിരുന്നു അജാസിന്റെ അക്കൗണ്ടില്‍. ഇന്ന് വൃദ്ധിമാന്‍ സാഹ (27), ആര്‍ അശ്വിന്‍ (0) എന്നിവരെയാണ്് അജാസ് ആദ്യം പുറത്താക്കിയത്. അജാസ് പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. നാലാം പന്തില്‍ സാഹയാണ് ആദ്യം പുറത്തായത്. തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍ മാത്രമാണ് താരം ചേര്‍ത്തത്. കിവി സ്പിന്നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തൊട്ടടുത്ത പന്തില്‍ അശ്വിനേയും അജാസ് മടക്കി. അശ്വിന്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ മായങ്കിനൊപ്പം ഒത്തുച്ചേര്‍ന്ന അക്‌സര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ലഞ്ച് വരെ കൊണ്ടുപോയി. 

ലഞ്ചിന് ശേഷവും അജാസ് ഷോ

ലഞ്ചിന് ശേഷം മായങ്കിനെ പുറത്താക്കി വിക്കറ്റ് നേട്ടം ഏഴാക്കി. വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് മായങ്ക് മടങ്ങിയത്. 17 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിംഗ്‌സ്. പിന്നാലെ അക്‌സറും പവലിയനില്‍ തിരിച്ചെത്തി. 52 റണ്‍സ് നേടിയ അക്‌സര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ജയന്ത് യാദവ് (12) ലോംഗ് ഓഫില്‍ രചിന്‍ രവീന്ദ്രയ്ക്ക് ക്യാച്ച് നല്‍കി. അതേ ഓവറില്‍ മുഹമ്മദ് സിറാജും (4)  പുറത്തായി. ഇതോടെ താരം 10 വിക്കറ്റ് പൂര്‍ത്തിയാക്കി. 

തകര്‍ച്ചയ്ക്കിടയിലും മായങ്ക് ആശ്വാസം

മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും മായങ്കിന്റെ സെഞ്ചുറി ഇന്ത്യക്ക് ആശ്വാസമായത്. താരത്തിന്റെ നാലാം സെഞ്ചുറിയാണിത്. മൂന്ന് 80 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മായങ്ക്- ശ്രേയസ് അയ്യര്‍ (18) കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇരുവരും 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രേയസിനെ അജാസ് മടക്കിയെങ്കിലും സാഹയുമൊത്ത് ഉറച്ചുനിന്ന മായങ്ക് ആദ്യദിവസം പൂര്‍ത്തിയാക്കുകയായിരുന്നു. ഇരുവരും64 റണ്‍സ് ഇന്ത്യന്‍ ടോട്ടലിനോട് ചേര്‍ത്തു. 

ടീമുകള്‍ 

ഇന്ത്യ:  മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, ജയന്ത് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലന്‍ഡ്: ടോം ലാഥം, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, റോസ് ടെയ്ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, രചിന്‍ രവീന്ദ്ര, കെയ്ല്‍ ജെയ്മിസണ്‍, ടിം സൗത്തി, വില്യം സോമര്‍വില്ലെ, അജാസ് പട്ടേല്‍.

click me!