INDvNZ : അശ്വിന്റെ വിക്കറ്റ് വേട്ട തുടരുന്നു; കിവിസീനെതിരെ മുംബൈ ടെസ്റ്റില്‍ ഇന്ത്യ ജയത്തിനരികെ

By Web TeamFirst Published Dec 5, 2021, 5:39 PM IST
Highlights

രണ്ട് ദിനം അവശേഷിക്കെ ഇന്ത്യയുടെ ലീഡ് മറികടക്കാന്‍ ഇനിയും 400 റണ്‍സ് കൂടി വേണം. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇത്രയും വലിയ സ്‌കോര്‍ മറികടക്കുക പ്രയാസമാണ്.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ കളി മുന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 140 എന്ന നിലയിലാണ് ആതിഥേയര്‍. രണ്ട് ദിനം അവശേഷിക്കെ ഇന്ത്യയുടെ ലീഡ് മറികടക്കാന്‍ ഇനിയും 400 റണ്‍സ് കൂടി വേണം. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇത്രയും വലിയ സ്‌കോര്‍ മറികടക്കുക പ്രയാസമാണ്. ഹെന്റി നിക്കോള്‍സ് (36), രചിന്‍ രവീന്ദ്ര (2) എന്നിവരാണ് ക്രീസില്‍. ആര്‍ അശ്വിന്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റുണ്ട്.

ടോം ലാഥം (6), വില്‍ യംഗ് (20), ഡാരില്‍ മിച്ചല്‍ (60), റോസ് ടെയ്‌ലര്‍ (6), ടോം ബ്ലണ്ടല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് ഇന്ന് നഷ്ടമായത്. ലാഥത്തെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ ഡാരില്‍ മിച്ചല്‍ അല്‍പനേരം പിടിച്ചുനിന്നു. എന്നാല്‍ മറുവശത്ത്് യംഗിനെ നഷ്ടമായി. അശ്വിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച്. സീനയിര്‍ താരം റോസ് ടെയ്‌ലര്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ആറ് റണ്‍സെടുത്ത താരത്തെ അശ്വിന്‍ പൂജാരയുടെ കൈകളിലെത്തിച്ചു. ബ്ലണ്ടലാവട്ടെ റണ്‍സൊന്നും നേടാനാവാതെ റണ്ണൗട്ടാവുകയും ചെയ്തു.

രണ്ടാം ഇന്നിംഗ്സില്‍ കോലിപ്പട 276-7 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സിലെ 10 വിക്കറ്റ് നേടിയ  അജാസ് പട്ടേല്‍ (Ajaz Patel) രണ്ടാം ഇന്നിംഗ്സില്‍ നാല് പേരെ പുറത്താക്കി. അതേസമയം അവസാന ഓവറുകളിലെ അക്സര്‍ പട്ടേല്‍ (Axar Patel) വെടിക്കെട്ട് ഇന്ത്യന്‍ ലീഡ് അതിവേഗം ഉയര്‍ത്തി.

വീണ്ടും മായങ്ക്, അക്സര്‍

മൂന്നാം ദിവസം വിക്കറ്റ് നഷ്ടമാവാതെ 69 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 38 റണ്‍സുമായി മായങ്ക് അഗര്‍വാളും 29 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമായിരുന്നു ക്രീസില്‍. മായങ്ക്-പൂജാര സഖ്യം 100 കൂട്ടുകെട്ട് സൃഷ്ടിച്ചു. എന്നാല്‍ അജാസ് പട്ടേല്‍ വീണ്ടും പന്തുകൊണ്ട് വട്ടംകറക്കി. ആദ്യ ഇന്നിംഗ്സിലെ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നാലെ അര്‍ധ സെഞ്ചുറി കണ്ടെത്തിയ മായങ്കിനെ(62) യങ്ങിന്റെ കൈകളിലെത്തിച്ച് അജാസ് കൂട്ടുകെട്ട് പൊളിച്ചു. ചേതേശ്വര്‍ പൂജാരയാവട്ടെ അര്‍ധ സെഞ്ചുറിക്കരികില്‍(47) അജാസിന്റെ പന്തില്‍ സ്ലിപ്പില്‍ ടെയ്ലര്‍ പിടിച്ച് പുറത്തായി.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 142-2 സ്‌കോറിലായിരുന്ന ഇന്ത്യക്കായി രണ്ടാം സെഷനില്‍ ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും 82 റണ്‍സ് കൂട്ടുകെട്ടുമായി ലീഡുയര്‍ത്തി. എന്നാല്‍ ഗില്ലിനെയും(47) കോലിയെയും(36) വൃദ്ധിമാന്‍ സാഹയേയും(13) രചിനും ശ്രേയസ് അയ്യരെ(14) അജാസും പുറത്താക്കി. ഇതിനിടെ 500 റണ്‍സിന്റെ ലീഡ് ഇന്ത്യ പിന്നിട്ടിരുന്നു. പിന്നാലെ 26 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും സഹിതം പുറത്താകാതെ 41 റണ്‍സുമായി അക്സര്‍ വെടിക്കെട്ട് ഇന്ത്യന്‍ ലീഡ് ടോപ് ഗിയറിലാക്കി. ആറ് റണ്‍സുമായി ജയന്ത് യാദവ്, അജാസിന് മുന്നില്‍ കീഴടങ്ങിയതോടെ കോലി ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലെയര്‍ ചെയ്യുകയായിരുന്നു.

അജാസ് 10/10! ചരിത്രനേട്ടം

നേരത്തെ അജാസ് പട്ടേലിന്റെ 10 വിക്കറ്റ് പ്രകടനത്തില്‍ 325-10 എന്ന സ്‌കോറില്‍ മുംബൈയില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചു. 47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവര്‍ന്നത്. 12 മെയ്ഡന്‍ ഓവറുകള്‍ അജാസ് എറിഞ്ഞു. സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിനും(311 പന്തില്‍ 150), അര്‍ധ സെഞ്ചുറി കുറിച്ച അക്സര്‍ പട്ടേലിനും(128 പന്തില്‍ 52), 44 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഒരു ബൗളര്‍ ഇന്നിംഗ്സിലെ 10 വിക്കറ്റും വീഴ്ത്തുന്നത്.

ചേതേശ്വര്‍ പൂജാര, വിരാട് കോലി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ പൂജ്യത്തില്‍ പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ 18 ഉം വൃദ്ധിമാന്‍ സാഹ 27 ഉം ജയന്ത് യാദവ് 12 ഉം മുഹമ്മദ് സിറാജ് നാലും റണ്‍സെടുത്ത് മടങ്ങി. ന്യൂസിലന്‍ഡ് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ പന്തെറിഞ്ഞത് അജാസാണ്.

സ്‌കോര്‍ 69; നാണംകെട്ട് കിവീസ്

        

എന്നാല്‍ ആദ്യ ഇന്നിംഗസില്‍ ഇന്ത്യയുടെ 325 റണ്‍സ് പിന്തുടര്‍ന്ന കിവീസ് വെറും 62 റണ്‍സിന് പുറത്തായി. നാല് വിക്കറ്റുമായി രവിചന്ദ്ര അശ്വിനും മൂന്ന് പേരെ മടക്കി മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് നേടി അക്സര്‍ പട്ടേലും ഒരാളെ പറഞ്ഞയച്ച് ജയന്ത് യാദവുമാണ് കിവീസിനെ ചുരുട്ടിക്കൂട്ടിയത്. നായകന്‍ ടോം ലാഥമും(10), ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമീസണും(17) മാത്രമാണ് രണ്ടക്കം കണ്ടത്. കാണ്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. മുംബൈയില്‍ കൂറ്റന്‍ ജയവുമായി പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കോലിപ്പട.

click me!