INDvNZ| 'ഞാന്‍ ഭാഗ്യവാനാണ്, ദ്രാവിഡിനെ എനിക്ക് നേരത്തെ അറിയാം'; പ്രതീക്ഷകള്‍ പങ്കുവച്ച് കെ എല്‍ രാഹുല്‍

By Web TeamFirst Published Nov 15, 2021, 11:20 PM IST
Highlights

പുതിയ കോച്ചിനും ക്യാപ്റ്റനും കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. രാഹുല്‍ ദ്രാവിഡാണ് (Rahul Dravid) ഇന്ത്യയുടെ പരിശീലകന്‍. രോഹിത് ശര്‍മ (Rohit Sharma) ക്യാപ്റ്റനും.

ജയ്പൂര്‍: ബുധനാഴ്ച്ചയാണ് ന്യൂസിലന്‍ഡിനെതിരായ (INDvNZ) ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പുതിയ കോച്ചിനും ക്യാപ്റ്റനും കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. രാഹുല്‍ ദ്രാവിഡാണ് (Rahul Dravid) ഇന്ത്യയുടെ പരിശീലകന്‍. രോഹിത് ശര്‍മ (Rohit Sharma) ക്യാപ്റ്റനും. കിവീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിലര്‍ക്ക് വിശ്രമം നല്‍കിയിരുന്നു. വിരാട് കോലി (Virat Kohli), രവീന്ദ്ര ജഡേജ (Ravindra Jadeja) എന്നിവരാണ് അക്കൂട്ടത്തില്‍ പ്രമുഖര്‍. ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍ തുടങ്ങിയ താരങ്ങള്‍ക്ക് സ്ഥാനം നഷ്ടമാവുകയും ചെയ്തു.

ഹാര്‍ദിക്കിനെ ഒഴിവാക്കിയത് ചര്‍ച്ചയായി. ലോകകപ്പില്‍ ബാറ്റും കൊണ്ടും ബൗളും കൊണ്ടും കാര്യമായൊന്നും ചെയ്യാന്‍ ഹാര്‍ദിക്കിന് സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഹാര്‍ദിക്കിന് സ്ഥാനം നഷ്ടമായതിനെ കുറിച്ച് സംസാരിക്കുകയാണ് വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul). താരത്തിന് തിരിച്ചെത്താന്‍ കഴിയുമെന്നാണ് രാഹുല്‍ പറയുന്നത്. കൂടാതെ ദ്രാവിഡിനെ കുറിച്ചും രാഹുല്‍ വാചാലനായി. 

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു രാഹുല്‍. ഇന്ത്യന്‍ ഓപ്പണറുടെ വാക്കുകള്‍... ''ഹാര്‍ദിക് പാണ്ഡ്യ ഒഴിവാക്കപ്പെട്ടതാണോ എന്ന് പോലും എനിക്കറിയില്ല. ഇനിയങ്ങനെ അങ്ങനെയാണെങ്കില്‍ തിരിച്ചുവരാനുള്ള കഴിവ് അവനുണ്ട്. അതിന് എന്താണ് ചെയ്യേണ്ടതെന്ന് ഹാര്‍ദിക്കിന് കൃത്യമായി അറിയാം. വിവേകത്തോടെ ചിന്തിക്കുന്ന ക്രിക്കറ്റാണ് ഹാര്‍ദിക്.'' രാഹുല്‍ പറഞ്ഞു. 

വൈസ് ക്യാപ്റ്റനായുള്ള പുതിയ ചുമതലയെ കുറിച്ചും 29-കാരന്‍ സംസാരിച്ചു. ''ശരിയാണ് എനിക്ക് അധിക ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്. ഡ്രസിംഗ് റൂമില്‍ സന്തോഷകരമായ അന്തരീക്ഷമുണ്ടാക്കുകയെന്നുള്ളതാണ് പ്രധാനം. രാഹുല്‍ ദ്രാവിഡ് പരശീലകനായി എത്തുന്നുവെന്നുള്ള പ്രത്യേകതയുമുണ്ട്.''

ദ്രാവിഡിന് കീഴില്‍ പരിശീലിക്കാന്‍ ലഭിക്കുന്നത് ഭാഗ്യമാണെന്നും രാഹുല്‍ വ്യക്തമാക്കി. ''എനിക്ക് ദീര്‍ഘകാലമായി ദ്രാവിഡിനെ അറിയാം. അദ്ദേഹത്തിന് കീഴില്‍ ഞാന്‍ പരിശീലിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. കൗമാരകാലത്ത് തന്നെ അദ്ദേഹത്തിന്റെ ശ്രദ്ധ നേടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നെപോലെ ഒരുപാട് പേരെ അദ്ദേഹം സഹായിക്കുന്നു. 

ദ്രാവിഡ് വീണ്ടുമെത്തുമ്പോള്‍ ഞാനടക്കമുള്ള താരങ്ങള്‍ താരങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുണ്ടാവുമെന്ന് കരുതുന്നു. ദ്രാവിഡ് പരിശീലകനായിിരക്കുമ്പോള്‍ എനിക്ക് ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സുഖകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ദ്രാവിഡന് സാധിക്കും.'' താരം പറഞ്ഞുനിര്‍ത്തി.

click me!