- Home
- Sports
- Cricket
- സഞ്ജുവല്ല, പുറത്താകുക ആ 3 പേര്‍, വരുണും അക്സറും തിരിച്ചെത്തും, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
സഞ്ജുവല്ല, പുറത്താകുക ആ 3 പേര്‍, വരുണും അക്സറും തിരിച്ചെത്തും, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ന്യൂസിലന്‍ഡിനെതിരായ നാലാം ടി20 മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി സ്ഥാനം നിലനിര്‍ത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു.

ടീമില്‍ മാറ്റം ഉറപ്പ്
ന്യൂസിലന്‍ഡിനെതിരായ നാലാം ടി20 മത്സരത്തിന് ഇന്ത്യ നാളെ വിശാഖപട്ടണത്ത് ഇറങ്ങുമ്പോള്‍ ടീമില്‍ എന്തൊക്കെ മാറ്റം ഉണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി സ്ഥാനം നിലനിര്‍ത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ.
സഞ്ജു തുടരും, അഭിഷേകിന് വിശ്രമം
ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയെങ്കിലും തിലക് വര്‍മ ടീമില്‍ തിരിച്ചെത്താത്ത സാഹചര്യത്തില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി തുടരും. അതേസമയം പരമ്പര നേടിയതിനാല്‍ മിന്നും ഫോമിലുള്ള അഭിഷേക് ശര്‍മക്ക് വിശ്രമം അനുവദിച്ച് ഇഷാന്‍ കിഷനെയും സഞ്ജുവിനെയും ഓപ്പണറായി തുടരാന്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശ്രേയസ് വീണ്ടും ടി20 ടീമിൽ
അഭിഷേക് ശര്‍മക്ക് വിശ്രമം അനുവദിച്ചാല്‍ ശ്രേയസ് അയ്യര്‍ 2023നുശേഷം ആദ്യമായി വീണ്ടും ഇന്ത്യയുടെ ടി20 കുപ്പായം അണിയും. ഐപിഎല്ലില്‍ തിളങ്ങിയ മൂന്നാം നമ്പറിലാകും ശ്രേയസ് ഇറങ്ങുക എന്നാണ് കരുതുന്നത്.
സൂര്യ ഫോമില്‍
ഫോമിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ തുടരും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികള്‍ നേടിയ സൂര്യ ലോകകപ്പിന് മുമ്പ് ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വാസകരമാണ്.
ഹാര്‍ദ്ദിക്കിന് വിശ്രമം
അഞ്ചാം നമ്പറിലിറങ്ങേണ്ട ഹാര്‍ദ്ദിക് പാണ്ഡ്യക്കും വിശ്രമം അനുവദിച്ചാല്‍ പകരം റിങ്കു സിംഗാകും ഈ സ്ഥാനത്ത് ബാറ്റിംഗിനെത്തുക. ആദ്യ മത്സരത്തില്‍ ഫിനിഷറായി തിളങ്ങിയ റിങ്കുവിന് അടുത്ത രണ്ട് മത്സരങ്ങളിലും ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല.
അക്സര്‍ തിരിച്ചെത്തും
ആദ്യ മത്സരം കളിച്ച ശേഷം പരിക്കുമൂലം പുറത്തിരുന്ന അക്സര്‍ പട്ടേലാകും ഏഴാം നമ്പറില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക. ആദ്യ മത്സരത്തില്‍ ബാറ്റിംഗില്‍ നിറം മങ്ങിയെങ്കിലും അക്സര്‍ ബൗളിംഗില്‍ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
ശിവം ദുബെ തുടരും
ഏഴാം നമ്പറില്‍ ശിവം ദുബെ പ്ലേയിംഗ് ഇലവനില്‍ തുടരുമെന്നാണ് കരുതുന്നത്. ഹാര്‍ദ്ദിക്കിന്‍റെ അഭാവത്തില്‍ ദുബെക്ക് ബൗളിംഗിലും നിര്‍ണായക റോളുണ്ടാവും.
ലോകകപ്പ് ടീമില്‍ കണ്ണുവെച്ച് ബിഷ്ണോയി
മൂന്നാം മത്സരത്തില്‍ കളിച്ച രവി ബിഷ്ണോയി നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പരിക്ക് ഭേദമായില്ലെങ്കില്‍ ലോകകപ്പ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന ബിഷ്ണോയിയെ നാലാം മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തിയേക്കും.
വരുണ്‍ തിരിച്ചെത്തും
മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിച്ച വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും. വരുണ്‍ തിരിച്ചെത്തുമ്പോള്‍ കുല്‍ദീപ് യാദവാകും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക. മൂന്നാം മത്സരത്തില്‍ കുല്‍ദീപ് 3 ഓവറില്‍ 32 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല.
ബുമ്രായുധം
മൂന്നാം ടി20യില്‍ മൂന്ന് വിക്കറ്റുമായി കളിയിലെ താരമായ ജസ്പപ്രീത് ബുമ്ര പേസ് നിരയെ നയിക്കും. ആദ്യ മത്സരം കളിച്ച ബുമ്രക്ക് രണ്ടാം മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ തിരിച്ചുവരവില്‍ ആദ്യ പന്തില്‍ തന്നെ ടിം സീഫര്‍ട്ടിന്‍റെ മിഡില്‍ സ്റ്റംപിളക്കിയാണ് ബുമ്ര വരവറിയിച്ചത്.
റാണ പുറത്താകും, അര്‍ഷ്ദീപ് തിരിച്ചെത്തും
മൂന്നാം മത്സരത്തില്‍ കളിച്ച ഹര്‍ഷിത് റാണക്ക് പകരം അര്‍ഷ്ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും. രണ്ടാം മത്സരത്തില്‍ നിറം മങ്ങിയ അര്‍ഷ്ദീപിന് ലോകകപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാനുള്ള സുവര്‍ണാവസരമാകും വിശാഖപട്ടണത്ത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

