INDvNZ : '80 ടെസ്റ്റുകളില്‍ ഇത്രയും വിക്കറ്റ്! അവിശ്വസനീയം'; അശ്വിനെ പ്രകീര്‍ത്തിച്ച് രാഹുല്‍ ദ്രാവിഡ്

By Web TeamFirst Published Nov 30, 2021, 4:23 PM IST
Highlights

417 വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിംഗിനെയാണ് (Harbhajan Singh) അശ്വിന്‍ മറികടന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയ അശ്വിന് ടെസ്റ്റില്‍ ഇപ്പോള്‍ 419 വിക്കറ്റുണ്ട്.

മുംബൈ: കഴിഞ്ഞ ദിവസമാണ് ആര്‍ അശ്വിന്‍ (R Ashwin) ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറായത്. ന്യൂസിലന്‍ഡിനെതിരെ (INDvNZ) ആദ്യ ടെസ്റ്റില്‍ ടോം ലാഥമിനെ വീഴ്ത്തിയതോടെയാണ് അശ്വിനെ തേടി നേട്ടമെത്തിയത്. 417 വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിംഗിനെയാണ് (Harbhajan Singh) അശ്വിന്‍ മറികടന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയ അശ്വിന് ടെസ്റ്റില്‍ ഇപ്പോള്‍ 419 വിക്കറ്റുണ്ട്. 619 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയും 434 വിക്കറ്റ് നേടിയ കപില്‍ ദേവുമാണ് വിക്കറ്റ് വേട്ടയില്‍ അശ്വിന് മുന്നിലുള്ളത്.

ഹര്‍ഭജനെ പിന്തള്ളിയ അശ്വിനെ അഭിനന്ദിക്കാന്‍ പരിശീലകന്‍ ദ്രാവിഡും മറന്നില്ല. അശ്വിന്റെ നേട്ടം മികവേറിയതെന്നാണ് ദ്രാവിഡ് പറയുന്നത്. ''അവിസ്മരണീയമായ നേട്ടമാണിത്. ഹര്‍ഭജന്‍ സിംഗ് മികവേറിയ താരമാണ്. ഞാന്‍ അദ്ദേഹത്തോടൊപ്പം വര്‍ഷങ്ങളോം ക്രിക്കറ്റ് കളിച്ചു. ഗംഭീര ബൗളറാണ് അദ്ദേഹം. കേവലം 80 ടെസ്റ്റുകളില്‍ ഹര്‍ഭജനെ മറികടക്കുകയെന്ന് അവിശ്വസനീയമായ കാര്യമാണ്. അശ്വിന്‍ അതു ചെയ്തു. തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.'' ദ്രാവിഡ് പറഞ്ഞു. 

അശ്വിന്റെ ബൗളിംഗിനെ കുറിച്ചും ദ്രാവിഡ് വാചാലനായി. ''ഇന്ത്യയുടെ മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് അശ്വിന്‍. കാണ്‍പൂരിലെ പിച്ചില്‍ പന്തെറിയുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മൂന്നാം ദിവസം ആദ്യ സെഷനില്‍ തന്നെ അശ്വിന്‍ കാര്യങ്ങല്‍ അനുകൂലമാക്കി. അതും 11 ഓവര്‍ സ്‌പെല്ലിനിടെ.'' ദ്രാവിഡ് പറഞ്ഞുനിര്‍ത്തി. 

80 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ ഈ നേട്ടം അശ്വിന്‍ സ്വന്തമാക്കിയത്. ഹര്‍ഭജന് അശ്വിനേക്കാള്‍ 23 ടെസ്റ്റുകള്‍ അധികം കളിക്കേണ്ടിവന്നു 417ലെത്താന്‍. കാണ്‍പൂര്‍ ടെസ്റ്റ് തുടങ്ങും മുന്‍പ് ഹര്‍ഭജനെ മറികടക്കാന്‍ അശ്വിന് അഞ്ച് വിക്കറ്റായിരുന്നു വേണ്ടിയിരുന്നത്. ന്യൂസിലന്‍ഡിനെതിരെ ആറ് വിക്കറ്റ് നേടിയാണ് അശ്വിന്‍ ഹര്‍ഭജനെ മറികടന്നത്.

ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ മൂന്നാമനായതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി അശ്വിന്‍ സ്വന്തം പേരിലാക്കി. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് അശ്വിന് സ്വന്തമായത്. 57 വിക്കറ്റ് നേടിയിട്ടുള്ള ബിഷന്‍ സിംഗ് ബേദിയെ ആണ് അശ്വിന്‍ പിന്നിലാക്കിയത്. 

ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടയതിന്റെ റെക്കോര്‍ഡ് കിവീസിന്റെ പേസ് ഇതിഹാസമായ റിച്ചാര്‍ഡ് ഹാഡ്ലിയുടെ പേരിലാണ്. 65 വിക്കറ്റുകളാണ് ഹാഡ്ലി ഇന്ത്യക്കെതിരെ എറിഞ്ഞിട്ടത്. ഹാഡ്ലിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ അശ്വിന് ഇനി 9 വിക്കറ്റ് കൂടി വേണം.

click me!