
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കിടെ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. വലത് തുടയിലെ ചെറിയ പരിക്കിനെ തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ കളിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷന് മൂന്നാം മത്സരവും നഷ്ടമാകും. താരം പരിക്കില്‍ നിന്നും പൂര്‍ണ മുക്തി നേടിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇഷാന്റെ തുടര്‍ച്ചയായ അസാന്നിധ്യം ഇന്ത്യയുടെ ആക്രമണോത്സുകമായ ബാറ്റിംഗ് നിരയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്നിംഗ്സിന്റെ തുടക്കം മുതല്‍ എതിരാളികളെ ആക്രമിച്ചു കളിക്കാനും ടോപ്പ് ഓര്‍ഡറിലും മിഡില്‍ ഓര്‍ഡറിലും ഒരുപോലെ തിളങ്ങാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ടീമിന് വലിയൊരു പ്ലസ് പോയിന്റായിരുന്നു.
ഇഷന്‍ കിഷന്‍ പുറത്തിരിക്കുമ്പോള്‍ ടീമിനെ ഏറ്റവും അധികം ബാധിക്കുന്നത് മൂന്നാം നമ്പറിലെ ബാറ്റിംഗ് കരുത്താണ്. ഒന്നാം മത്സരത്തില്‍ പരിക്കിന്റെ ലക്ഷണങ്ങളെ തുടര്‍ന്ന് കിഷന്‍ അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ആ മത്സരത്തില്‍ തിലക് വര്‍മയെ മൂന്നാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ തിലക് വര്‍മ്മയ്ക്ക് ആ അവസരം ഉപയോഗപ്പെടുത്താനായില്ല. 11 പന്തില്‍ നിന്നും വെറും 6 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. രണ്ടാം മത്സരത്തില്‍ ഈ റോളിലേക്ക് വൈഭവ് സൂര്യവംശിയെ ഇന്ത്യ ഇറക്കിയെങ്കിലും 15 കാരനായ യുവതാരത്തിനും തിളങ്ങാനായില്ല.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
രണ്ടാം ടി20 മത്സരത്തില്‍ 8 പന്തില്‍ 4 റണ്‍സ് മാത്രമാണ് വൈഭവ് സൂര്യവംശി നേടിയത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനമാണ് ഇഷാന്‍ കിഷന്‍ ടോപ്പ് ഓര്‍ഡറില്‍ കാഴ്ചവെച്ചിട്ടുള്ളത്. 35 മത്സരങ്ങളില്‍ നിന്നും 36.21 ശരാശരിയിലും 171.44 സ്ട്രൈക്ക് റേറ്റിലും 1159 റണ്‍സാണ് ഇഷന്‍ കിഷന്‍ നേടിയിട്ടുള്ളത്. ഇതില്‍ 26 ഇന്നിംഗ്സുകളിലായി മൂന്നാം നമ്പറില്‍ മാത്രം താരം 884 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.
ഇഷന് പകരക്കാരനായി അദ്ദേഹത്തിന്റെ ജാര്‍ഖണ്ഡ് ടീമംഗമായ കുമാര്‍ കുശാഗ്രയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ സംഘം ഇഷാന്റെ പരിക്കും ഫിറ്റ്നസും നിരീക്ഷിക്കുന്നുണ്ട്. വെള്ളിയാഴ്ച ഓക്ക്ലന്‍ഡില്‍ നടക്കുന്ന മത്സരത്തോടെയെങ്കിലും ഇഷന്‍ കിഷന്റെ സേവനം ടീമിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!