
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് തിരിച്ചടി. ഓപ്പണിംഗ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിന്റെ പരിക്കാണ് ഇന്ത്യയെ വലയ്ക്കുന്നത്. ഗില്ലിന്റെ പരിക്ക് ഗുരതരമാണെന്നും താരത്തിന് ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിനെതിരെ തുടങ്ങുന്ന ആദ്യ ടെസ്റ്റിൽ കളിക്കാനാവില്ലെന്നും ക്രിക്ക് ബസ് റിപ്പോർട്ട് ചെയ്തു. ഗില്ലിന് ഒരുപക്ഷെ ടെസ്റ്റ് പരമ്പര തന്നെ നഷ്ടമായേക്കാമെന്ന് സൂചനകളുണ്ട്. പരിക്കുണ്ടെങ്കിലും ഗിൽ തൽക്കാലം ടീമിനൊപ്പം തന്നെ തുടരും.
പരിക്ക് മൂലം ഗില്ലിന് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ 20 അംഗ ടീമിലുള്ള മായങ്ക് അഗർവാളോ കെ എൽ രാഹുലോ ആകും ടെസ്റ്റിൽ രോഹിത് ശർമക്കൊപ്പം ഓപ്പണറാവുക. രോഹിത്തിനൊപ്പം ഓപ്പണറായി തിളങ്ങിയ മായങ്കിന് ഗില്ലിന്റെ വരവോടെയാണ് ടീമിലെ സ്ഥാനം നഷ്ടമായത്.ഓസ്ട്രേലിയൻ പര്യടനത്തിൽ മായങ്ക് മധ്യനിരയിൽ ബാറ്റ് ചെയ്തിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരായ തോൽവിക്കുശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി വിശ്രമത്തിലാണ് ഇന്ത്യൻ ടീം ഇപ്പോൾ. അടുത്ത മാസം 14 മുതലാണ് ഇന്ത്യയുടെ പരിശീലന ക്യാംപ് ഡർഹാമിൽ തുടങ്ങുക. കൗണ്ടി ടീമുകളുമായി പരിശീലന മത്സരം വേണമെന്ന് ബിസസിഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്. ഓഗസ്റ്റ് നാലു മുതൽ നോട്ടിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!