ഇംഗ്ലണ്ടിനെതിരെ തകര്‍ന്നടിയാന്‍ ഞങ്ങള്‍ ഇന്ത്യയല്ല! പാകിസ്ഥാന്‍ കിരീടം നേടുമെന്ന് പ്രവചിച്ച് ഇന്‍സമാം

By Web TeamFirst Published Nov 12, 2022, 4:29 PM IST
Highlights

മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് പറയുന്നത് പാകിസ്ഥാന്‍ ഇന്ത്യയെ പോലെ തളരില്ലെന്നും കിരീടം നേടുമെന്നുമാണ്. അങ്ങനെ പറയാന്‍ അദ്ദേഹത്തിന് ഒരു കാരണമുണ്ട്.

മെല്‍ബണ്‍: നാളെയാണ് ടി20 ലോകകപ്പിലെ കലാശപ്പോര്. ഫൈനലില്‍ പാകിസ്ഥാനും ഇംഗ്ലണ്ടുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നത്. ന്യൂസിലന്‍ഡിനെ മറികടന്നാണ് പാകിസ്ഥാന്റെ വരവ്. പാകിസ്ഥാന്റെ പേസ് നിരയും ഇംഗ്ലണ്ടിന്റെ ആഴമേറിയ ബാറ്റിംഗ് നിരയും തമ്മിലുള്ള പോരാട്ടമായിരിക്കും മെല്‍ബണിലേതെന്നുള്ളതില്‍ സംശയമില്ല. ഇതിനിടെ കൂട്ടികിഴിക്കലുകളും പ്രവചനങ്ങളും തുടങ്ങിയിട്ടുണ്ട്.

മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് പറയുന്നത് പാകിസ്ഥാന്‍ ഇന്ത്യയെ പോലെ തളരില്ലെന്നും കിരീടം നേടുമെന്നുമാണ്. അങ്ങനെ പറയാന്‍ അദ്ദേഹത്തിന് ഒരു കാരണമുണ്ട്. ഇന്‍സി വിശദീകരിക്കുന്നതിങ്ങനെ... ''ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ബൗളര്‍മാരാണ്. 169 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ചിട്ടും ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യക്കായില്ല. ബൗളര്‍മാര്‍ തീര്‍ത്തും നിറംമങ്ങിയെന്ന് പറയാം. എന്നല്‍ പാകസ്ഥാന്‍ ബൗളര്‍മാര്‍ വ്യത്യസ്തരാണ്. ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താനുള്ള ശേഷിയുണ്ട്. ഇംഗ്ലീഷ് ഓപ്പണര്‍മാരായ അലക്‌സ് ഹെയ്ല്‍സും ജോസ് ബട്‌ലറും ഗംഭീര പ്രകടനമാണ് നടത്തിയത്. 

എന്നാല്‍ പാകിസ്ഥാനെതിരെ അതാവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കേണ്ട. കരുത്തുറ്റ പാക് ബൗളിംഗ് നിരയ്‌ക്കെതിരെ അതുപോലൊരു പ്രകടനം നടത്താന്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് സാധിക്കില്ല. മാത്രമല്ല, ഇന്ത്യന്‍ താരങ്ങളെ പോലെ പാകിസ്ഥാന്‍ ടീം സമ്മര്‍ദ്ദത്തിലാവില്ല. പ്രധാന മത്സരങ്ങളില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. ഏഷ്യാ കപ്പ് മുതല്‍ ഇത് കാണുന്നതാണ്.'' ഇന്‍സി പറഞ്ഞുനിര്‍ത്തി.

നാളെ മെല്‍ബണിലാണ് ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ഫൈനല്‍. എന്നാല്‍ മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. ഫൈനല്‍ ദിവസമായ നാളെ മെല്‍ബണില്‍  95 ശതമാനം മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ നാളെ ഫൈനല്‍ നടക്കുമോ എന്ന കാര്യം പോലും സംശയത്തിലാണ്. നാളെ മത്സരം നടന്നില്ലെങ്കില്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ച മത്സരം നടത്തും.

തിങ്കളാഴ്ചയും മെല്‍ബണില്‍ അഞ്ച് മുതല്‍ 10 മില്ലി മീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. എന്നാല്‍ ഇതിനിടെ മഴ കണക്കിലെടുത്ത് റിസര്‍വ് ദിനത്തിലെ മത്സരസമയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഐസിസി. നാളെ ഇന്ത്യന്‍ സമയം 1.30ന് തുടങ്ങേണ്ട മത്സരം മഴമൂലം റിസര്‍വ് ദിനമായ മറ്റന്നാളത്തേക്ക് മാറ്റിവെക്കുകയാണെങ്കില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ നിശ്ചിത സമയത്തിന് പുറമെ രണ്ട് മണിക്കൂര്‍ അധികസമയം നേരത്തെ ഐസിസി അനുവദിച്ചിരുന്നു. ഇത് നാലു മണിക്കൂറായാണ് ഐസസി ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

ഓഫ് സ്പിന്‍ എറിയാനറിയാത്ത ഓഫ് സ്പിന്നര്‍; അശ്വിനെ പരിഹസിച്ച് മുന്‍ പാക് താരം

click me!