ഐ പി എല്‍ തുടങ്ങുംമുന്‍പ് അറിയുക; ഇവരാണ് സിക്‌സര്‍ വീരന്‍മാര്‍

By Web TeamFirst Published Mar 12, 2019, 1:06 PM IST
Highlights

മാര്‍ച്ച് 23ന് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ ചില ഐ പി എല്‍ റെക്കോര്‍ഡുകള്‍ പരിചയപ്പെടാം. ഐ പി എല്ലിലെ സിക്‌സര്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങള്‍ ഇവരൊക്കെയാണ്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 12-ാം എഡിഷന് ക്രീസും ഗാലറിയും ഉണരുകയാണ്. മാര്‍ച്ച് 23ന് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ ചില ഐ പി എല്‍ റെക്കോര്‍ഡുകള്‍ പരിചയപ്പെടാം. ഐ പി എല്ലിലെ സിക്‌സര്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങള്‍ ഇവരൊക്കെയാണ്.

ഗെയ്‌ല്‍ തന്നെ ബോസ്

'യൂണിവേഴ്‌സല്‍ ബോസ്' ക്രിസ് ഗെയ്‌ലാണ് ഐ പി എല്ലിലെ സിക്‌സര്‍ വേട്ടക്കാരില്‍ മുന്നില്‍. 112 മത്സരങ്ങളില്‍ നിന്നായി 292 സിക്‌സുകളാണ് ഗെയ്‌ലിന്‍റെ ബാറ്റില്‍ നിന്ന് ഗാലറിയെ തൊട്ടത്. 300 ഐ പി എല്‍ സിക്‌സുകള്‍ എന്ന ചരിത്രനേട്ടത്തിലേക്ക് വെറും എട്ട് സിക്‌സുകളുടെ അകലം. 112 മത്സരങ്ങളില്‍ നിന്ന് 3994 റണ്‍സും ഗെയ്‌ലിന്‍റെ പേരിലുണ്ട്. 

എബിഡിയും ധോണിയും ഒപ്പത്തിനൊപ്പം

186 സിക്‌സുകളുമായി ദക്ഷിണാഫ്രിക്കന്‍ വിസ്‌മയം എ ബി ഡിവില്ലിയേഴ്‌സും ഇന്ത്യന്‍ ഇതിഹാസം എം എസ് ധോണിയുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എബിഡി 141 മത്സരങ്ങളില്‍ നിന്ന് ഇത്രയും സിക്‌സുകള്‍ നേടിയപ്പോള്‍ ധോണിക്ക്  175 മത്സരങ്ങള്‍ വേണ്ടിവന്നു എന്നുമാത്രം. ഐ പി എല്ലിന്‍റെ എല്ലാ എഡിഷനിലും കളിച്ച താരങ്ങള്‍ കൂടിയാണ് ഇരുവരും.

'ചിന്നത്തല'യായി സുരേഷ് റെയ്‌ന

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ചിന്നത്തല സുരേഷ് റെയ്‌നയാണ് മൂന്നാം സ്ഥാനത്ത്. 176 മത്സരങ്ങളില്‍ നിന്ന് 185 സിക്‌സുകളാണ് റെയ്‌നയുടെ ബാറ്റില്‍ നിന്ന് പറന്നത്. ഐ പി എല്ലിലെ ഉയര്‍ന്ന റണ്‍‌വേട്ടക്കാരന്‍(4985) കൂടിയാണ് റെയ്‌ന. 138. 47 ആണ് ബാറ്റിംഗ് ശരാശരി. 

തലയുയര്‍ത്തി ഹിറ്റ്‌മാനും 

സിക്‌സുകള്‍ക്ക് പേരുകേട്ട ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയാണ് നാലാം സ്ഥാനത്ത്. റെയ്‌നയുമായി ഒരു സിക്‌സിന്‍റെ മാത്രം അകലത്തിലാണ് ഹിറ്റ്‌മാന്‍റെ നില്‍പ്. 173 മത്സരങ്ങളില്‍ നിന്ന് സമ്പാദ്യം 184 സിക്‌സുകള്‍. 

കിംഗ് കോലിക്ക് മാറി നില്‍ക്കാനാവുമോ

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും ഐ പി എല്‍ സിക്‌സുകളുടെ പട്ടികയില്‍ മികച്ച സ്ഥാനമുണ്ട്. ലോക ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ തൂത്തെറിഞ്ഞ് മുന്നേറുന്ന കോലി 178 സിക്‌സുകളുമായി അഞ്ചാം സ്ഥാനത്താണ്. 163 മത്സരങ്ങളാണ് കോലി കളിച്ചത്. റണ്‍വേട്ടയില്‍ സുരേഷ് റെയ്‌നയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്തുമുണ്ട്(4948) കിംഗ് കോലി. 

click me!