കോലിയുടെ പിന്‍ഗാമി; ഇന്ത്യയുടെ ഭാവി നായകനെ പ്രവചിച്ച് ആകാശ് ചോപ്ര

By Web TeamFirst Published Sep 14, 2020, 7:56 PM IST
Highlights

നായകപദവിയില്‍ എല്ലാ കളിക്കാര്‍ക്കും ഒരു സമയമുണ്ട്. എം എസ് ധോണി നായകന്റെ ബാറ്റണ്‍ കോലിയെ ഏല്‍പ്പിച്ചതുപോലെ കോലി അത് രാഹുലിനെ ഏല്‍പ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ദുബായ്: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പിന്‍ഗാമിയെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കൂടിയായ കെ എല്‍ രാഹുല്‍,  കോലിയുടെ പിന്‍ഗാമിയാവാന്‍ യോഗ്യനാണെന്ന് ചോപ്ര പറഞ്ഞു. ഈ ഐപിഎല്‍ സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകനെന്ന നിലയില്‍ രാഹുല്‍ പുറത്തെടുക്കുന്ന പ്രകടനം നിര്‍ണായകമാകുമെന്നും ചോപ്ര വ്യക്തമാക്കി.

രാഹുല്‍ മികച്ച നായകനായിരിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നയിക്കുമ്പോള്‍ രാഹുലിന്റെ നായക മികവിനെക്കുറിച്ച് നമുക്ക് ധാരണ ലഭിക്കും. കോലിയും രോഹിത്തുമെല്ലാം നായകന്‍മാരായ അതേ പ്രായത്തിലാണ് രാഹുലും നായകപദവിയിലെത്തുന്നത്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ കോലിയോ രോഹിത്തോ നായകന്‍മാരാകുമെന്ന് ആരും കരുതിക്കാണില്ല.

Also Read:ഐപിഎല്ലില്‍ കൊച്ചിയുടെ കൊമ്പന്‍മാരായിരുന്നവര്‍ ഇപ്പോള്‍ എവിടെയാണ് ?

നായകപദവിയില്‍ എല്ലാ കളിക്കാര്‍ക്കും ഒരു സമയമുണ്ട്. എം എസ് ധോണി നായകന്റെ ബാറ്റണ്‍ കോലിയെ ഏല്‍പ്പിച്ചതുപോലെ കോലി അത് രാഹുലിനെ ഏല്‍പ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അതെന്തായാലും ഐപിഎല്ലിലൂടെ രാഹുലിന്റെ നായകമികവ് അളക്കാനാകും. എനിക്ക് തോന്നുന്നത് അദ്ദേഹം നമ്മളെല്ലാം ഇഷ്ടപ്പെടുന്ന നായകനാവുമെന്നാണ്-ഫേസ്ബുക്കില്‍ ഒറു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ആകാശ് ചോപ്ര പറഞ്ഞു.

കഴിഞ്ഞ സീസണില്‍  നായകനായിരുന്ന ആര്‍ അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറിയതോടെയാണ് രാഹുലിനെ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകനായി തെരഞ്ഞെടുത്തത്. മുന്‍ ഇന്ത്യന്‍ പരിശീലകനായ അനില്‍ കുംബ്ലെയാണ് കിംഗ്സിന്റെ പരിശീലകന്‍.

click me!