കമ്മിന്‍സിന് എന്തുകൊണ്ട് 15.50 കോടി; ഗാംഗുലി മറുപടി പറയുന്നു

By Web TeamFirst Published Dec 20, 2019, 7:28 PM IST
Highlights

ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിക്കുന്ന താരങ്ങളില്‍ ഒരാളാകുമെന്ന് ഉറപ്പായിരുന്നെങ്കിലും കമ്മിന്‍സിന് കിട്ടിയ തുക കേട്ട് ഏവരും അമ്പരന്നു

കൊല്‍ക്കത്ത: ഐപിഎല്‍ 2020 താരലേലത്തില്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച താരം ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ്. ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിക്കുന്ന താരങ്ങളില്‍ ഒരാളാകുമെന്ന് ഉറപ്പായിരുന്നെങ്കിലും കമ്മിന്‍സിന് കിട്ടിയ തുക കേട്ട് ഏവരും അമ്പരന്നു. 15.50 കോടിയാണ് കമ്മിന്‍സിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുടക്കിയത്. കമ്മിന്‍സിന് എന്തുകൊണ്ട് ഇത്രവലിയ തുക ലഭിച്ചു എന്ന് വ്യക്തമാക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. 

'കമ്മിന്‍സിന് അവിശ്വസനീയ തുകയാണ് ലഭിച്ചതെന്ന് കരുതുന്നില്ല. ഡിമാന്‍റിന് അനുസരിച്ചാണ് താരങ്ങളുടെ മൂല്യമുയരുന്നത്. ഇത്തരം ചെറിയ താരലേലങ്ങളില്‍ ഇത് സ്വാഭാവികമാണ്. ഇതുപോലൊരു ചെറിയ ലേലത്തിലാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് 14 കോടി ലഭിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ശക്തമായ മത്സരമാണുണ്ടായത്. അതിനാലാണ് താരത്തിന്‍റെ തുക ഉയര്‍ന്നത്. ഡിമാന്‍റും സപ്ലൈയും അനുസരിച്ചാണ് ഇത് സംഭവിക്കുന്നതെന്നും ഐപിഎല്‍ താരലേലത്തിന് ശേഷം സൗരവ് ഗാംഗുലി വ്യക്തമാക്കി. 

ഐപിഎല്‍ താരലേലത്തില്‍ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഉയര്‍ന്ന തുകയാണ് കമ്മിന്‍സിന് ലഭിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് പേസര്‍മാര്‍ക്ക് കൂടുതല്‍ വേഗവും ബൗണ്‍സും നല്‍കും. പാറ്റ് കമ്മിന്‍സിന് ഇത് സഹായകമാകും എന്നും സൗരവ് പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ മുന്‍ നായകന്‍ കൂടിയാണ് സൗരവ് ഗാംഗുലി. 

click me!