ഐപിഎല്‍ യുഎഇയില്‍ നടത്താന്‍ ഔദ്യോഗിക അനുമതി; വിവോയ്‌ക്ക് പകരം ആരെന്ന് 18ന് അറിയാം

By Web TeamFirst Published Aug 10, 2020, 9:07 PM IST
Highlights

വാക്കാലുള്ള ഉറപ്പ് നേരത്തെതന്നെ ഐപിഎല്‍ ഭരണസമിതിക്ക് ലഭിച്ചിരുന്നു. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ ദുബായില്‍ അരങ്ങേറുക.

ദില്ലി: ഐപിഎല്‍ 2020 എഡിഷന്‍ യുഎഇയില്‍ നടത്താന്‍ ബിസിസിഐക്ക് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക അനുമതി നല്‍കി. വിദേശകാര്യ-ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി രേഖമൂലം ലഭിച്ചതായി ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് മാധ്യമങ്ങളെ അറിയിച്ചത്. വാക്കാലുള്ള ഉറപ്പ് നേരത്തെതന്നെ ഐപിഎല്‍ ഭരണസമിതിക്ക് ലഭിച്ചിരുന്നു. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ യുഎഇയില്‍ അരങ്ങേറുക. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവയാണ് വേദികള്‍. 

പുതിയ സ്‌പോണ്‍സര്‍മാര്‍ 18ന്

പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരെ ഓഗസ്റ്റ് 18ന് പ്രഖ്യാപിക്കുമെന്നും ബ്രിജേഷ് പട്ടേല്‍ അറിയിച്ചു. അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനിയായ വിവോയെ മുഖ്യ സ്‌പോണ്‍സര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നു. ബാബ രാംദേവിന്‍റെ പതഞ്ജലിയും ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരാകാന്‍ രംഗത്തുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ബിസിസിഐ മറ്റു സ്‌പോണ്‍സര്‍മാരേയും തേടുന്നുണ്ട്. റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിനെ ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ താല്‍പര്യമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആമസോണ്‍, ബൈജൂസ് ആപ്, ഡ്രീം11 എന്നിവയ്ക്കു പുറമേ പേയ് ടിഎം, ടാറ്റാ മോട്ടോഴ്‌സ് എന്നിവയെയും സ്‌പോണ്‍സര്‍ഷിപ് പ്രതീക്ഷയുമായി ബിസിസിഐ സമീപിച്ചിരുന്നു. ഇവരില്‍ നിന്ന് അനുകൂലമായ മറുപടിയല്ല ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 

ഓഗസ്റ്റ് 20ന് ശേഷം മിക്ക ഫ്രാഞ്ചൈസികളും യുഎഇയിലേക്ക് ടീമിനെ അയക്കും എന്നാണ് റിപ്പോര്‍ട്ട്. എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓഗസ്റ്റ് 22ന് പറക്കും. ഇതിന് മുന്നോടിയായി ധോണിയും റെയ്‌നയും ഹര്‍ഭജനും അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ചെന്നൈയിലെ ചെപ്പോക്കില്‍ പരിശീലനം നടത്തും. വിദേശ താരങ്ങളെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തിക്കാന്‍ ടീമുകള്‍ പരിശ്രമിക്കുന്നുണ്ട്.

പുതിയ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ്; ഒരു കൈ നോക്കാന്‍ ബാബാ രാംദേവിന്റെ പതഞ്ജലിയും

click me!