
മുംബൈ: ഐപിഎല്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക ബിസിസിഐ വെട്ടിക്കുറച്ചു. കവിഞ്ഞ തവണത്തേതില്‍ നിന്ന് 50 ശതമാനമാക്കിയാണ് സമ്മാനത്തുക കുറച്ചത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പൂതിയ തീരുമാനം. കഴിഞ്ഞ സീസണില്‍ ജേതാക്കക്ക് ലഭിച്ചത് 20 കോടി രൂപയാണ്. ഇത്തവണ അത് 10 കോടിയായി കുറയും. ഇതുപ്രകാരം ഫൈനലില്‍ തോല്‍ക്കുന്ന ടീമിന് 6.25 കോടി രൂപയാണ് ലഭിക്കുക. (കഴിഞ്ഞ തവണ ലഭിച്ചത് 12.5 കോടി) റിപ്പോര്‍ട്ടു പ്രകാരം മൂന്നും നാലും സ്ഥാനത്ത് സീസണ്‍ പൂര്‍ത്തിയാക്കുന്ന ടീമുകള്‍ക്ക് 4.375 കോടി രൂപ വീതമാണ് സമ്മാനത്തുകയായി ലഭിക്കുക.
സംഭവത്തില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കെല്ലാം അതൃപ്തിയുണ്ട്. മറ്റൊരു കാരണം കൂടി അതിന് പിന്നിലുണ്ട്. ഓരോ ഐപിഎല്‍ മത്സരത്തിനും 30 ലക്ഷം രൂപയാണ് കഴിഞ്ഞ സീസണില്‍ ഫ്രാഞ്ചൈസികള്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് നല്‍കിയിരുന്നത്. ഇത്തവണ അത് 50 ലക്ഷമാക്കി ഉയര്‍ത്തി. ഒപ്പം ഓരോ മത്സരത്തിന് 50 ലക്ഷം രൂപ വീതം ബിസിസിഐയും അസോസിയേഷനുകള്‍ക്ക് പ്രതിഫലം നല്‍കും. ഒന്നാകെ ഒരു കോടി രൂപയാണ് അസോസിയേഷനുകള്‍ക്ക് നല്‍കുക.
ഇത്തവണ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കുന്ന ഏതൊരു താരത്തെയും വായ്പാടിസ്ഥാനത്തില്‍ മറ്റൊരു ഫ്രാഞ്ചൈസിലേക്ക് കൈമാറാം. എന്നാല്‍ കഴിഞ്ഞ സീസണില്‍ ദേശീയ ടീമില്‍ കളിക്കാത്ത ഇന്ത്യന്‍ താരങ്ങളെ മാറ്റാനുള്ള അനുവാദം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വായ്പാതാരങ്ങളുടെ കാര്യത്തില്‍ ഒരു നിബന്ധനയുണ്ട്. അന്തിമ ഇലവനില്‍ രണ്ട് മത്സരങ്ങളെങ്കിലും കളിച്ച താരങ്ങളെ മാത്രമെ വായ്പയായി നല്‍കാന്‍ കഴിയുകയുള്ളൂ.