റെയ്‌നയുടെ മടക്കം സിഎസ്‌കെയുടെ പ്രകടനത്തെ ബാധിക്കുമോ? മറുപടിയുമായി വാട്‌സണ്‍

By Web TeamFirst Published Sep 10, 2020, 2:06 PM IST
Highlights

'ചിന്നത്തല' എന്ന് ആരാധകര്‍ക്കിടയില്‍ വിളിപ്പേരുള്ള കുട്ടിക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റ്സ്‌മാന്‍റെ മടക്കം ചെന്നൈക്ക് തിരിച്ചടിയാകുമോ

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണിനായി യുഎഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌ന ടൂര്‍ണമെന്‍റ് തുടങ്ങും മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറുന്നു എന്നാണ് റെയ്‌ന അറിയിച്ചത്. 'ചിന്നത്തല' എന്ന് ആരാധകര്‍ക്കിടയില്‍ വിളിപ്പേരുള്ള കുട്ടിക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റ്സ്‌മാന്‍റെ മടക്കം ചെന്നൈക്ക് തിരിച്ചടിയാകുമോ. മറുപടി പറയുന്നു സഹതാരം ഷെയ്‌ന്‍ വാട്‌സണ്‍. 

'സുരേഷ് റെയ്‌നയുടെ അഭാവം വലിയ തിരിച്ചടിയാണ്. റെയ്നയ്‌ക്ക് പകരവെക്കാന്‍ മറ്റൊരു താരത്തിനും കഴിയില്ല. ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരനാണ് അയാള്‍. ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും. ചൂടേറിയ കാലാവസ്ഥയാണ് യുഎഇയിലേത്. വിക്കറ്റ് ഡ്രൈയാകുന്നത് സ്‌പിന്നര്‍മാര്‍ക്ക് ടേണ്‍ നല്‍കും. സ്‌പിന്നിനെ നന്നായി കളിക്കുന്ന താരമാണ് റെയ്‌ന' എന്നും വാട്‌സണ്‍ പറഞ്ഞു. 

'അതേസമയം, റെയ്‌നയുടെ അഭാവം മുരളി വിജയ‌്‌യെ പോലുള്ള താരങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കും. ടീമിലെ മുതിര്‍ന്ന താരങ്ങളിലൊരാളായ ഹര്‍ഭജനെയും ടീം മിസ് ചെയ്യും. ഹര്‍ഭജന്‍റെ അഭാവം പീയുഷ് ചൗളയിലൂടെ പരിഹരിക്കാമെന്നാണ് പ്രതീക്ഷ' എന്നും ഓസീസ് മുന്‍ താരം കൂടിയായ കൂട്ടിച്ചേര്‍ത്തു. സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ഐപിഎല്ലിനായി യുഎഇയിലേക്ക് വരുന്നില്ലെന്ന് ഹര്‍ഭജന്‍ ടീം മാനേജ്‌മെന്‍റിനെ അറിയിച്ചിരുന്നു. 

ചെന്നൈ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് ഉള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സുരേഷ് റെയ്ന ടീം ക്യാംപ് വിട്ട് ഇന്ത്യയിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കളിക്കാരാണ്. ടീം ക്യാംപ് വിട്ട റെയ്നയുടെ നടപടിയില്‍ ടീം ഉടമയായ എന്‍ ശ്രീനിവാസന്‍ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. അതേസമയം, കൊവിഡ് ബാധിച്ച പേസര്‍ ദീപക് ചഹാര്‍ രോഗമുക്തനായി എന്നത് സിഎസ്‌കെയ്‌ക്ക് അശ്വാസ വാര്‍ത്തയാണ്. സെപ്റ്റംബര്‍ 19നാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്.  

സഞ്ജു വേറെ ലെവല്‍; മലയാളി താരത്തിന് സ്റ്റീവ് സ്‌മിത്തിന്‍റെ കയ്യടി; കോലിക്കും പ്രശംസ

click me!