ലണ്ടന്‍: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്‌മിത്ത്. സഞ്ജു പ്രതിഭാധനനായ താരമാണ് എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി നടത്തിയ ചോദ്യോത്തരവേളയില്‍ ഒറ്റവാക്കില്‍ സ്‌മിത്തിന്‍റെ മറുപടി. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കെ എല്‍ രാഹുല്‍ എന്നിവരെയും സ്‌മിത്ത് സംഭാഷണത്തിനിടെ പ്രശംസിച്ചു. 

ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍ എന്ന വിശേഷണമാണ് കിംഗ് കോലിക്ക് സ‌മിത്ത് നല്‍കിയത്. ടെസ്റ്റ് റാങ്കിംഗില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇഞ്ചോടിഞ്ച് പോരാടുന്ന താരങ്ങളാണ് സ്‌മിത്തും കോലിയും. നിലവില്‍ കളിക്കുന്ന താരങ്ങള്‍ ഏറ്റവും ഏകദിനത്തില്‍ കൂടുതല്‍ റണ്‍സും(11867), സെഞ്ചുറിയും(43) കോലിയുടെ പേരിലാണ്. കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ ഏഴ് സെഞ്ചുറികള്‍ കൂടി മതി കോലിക്ക്. 

'ഗണ്‍ പ്ലെയര്‍' എന്നാണ് കെഎല്‍ രാഹുലിനെ കുറിച്ച് സ്‌മിത്ത് പറഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനെ 'ഫ്രീക്ക്' എന്ന് വിളിക്കുകയും ചെയ്തു സ്‌മിത്ത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സ്‌മിത്തിന്‍റെ സഹതാരമാണ് സഞ്ജു സാംസണ്‍. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പരിശ്രമങ്ങളിലാണ് യുഎഇയില്‍ സഞ്ജു. സഞ്ജുവിന്‍റെ പരിശീലന ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. സെപ്റ്റംബര്‍ 16ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അവസാനിച്ച ശേഷമാകും സ്‌മിത്ത് യുഎഇയില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേരുക. 

ഗ്രൗണ്ടില്‍ എവിടെ നിന്നാലും ധോണി അവന്റെ വേഷം ഭംഗിയാക്കും; വീഡിയോ സഹിതം പുറത്തുവിട്ട് മുഹമ്മദ് കൈഫ്