ഐപിഎല്‍ താരലേലം ഫെബ്രുവരിയില്‍

By Web TeamFirst Published Jan 6, 2021, 9:47 PM IST
Highlights

പുതിയ ടീമുകളെ ഈ സീസണില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക.

മുംബൈ: ഐപിഎൽ താരലേലം ഫെബ്രുവരി 11ന് നടക്കും. ഐപിഎൽ ഭരണസമിതി യോഗത്തിലാണ് തീരുമാനം. ലേലത്തിന് മുന്‍പ് ടീമുകള്‍ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ഈ മാസം 21ന് മുന്‍പ് നൽകണം. ഐപിഎല്ലിന്‍റെ വരും സീസണിലെ മത്സരങ്ങള്‍ ഇന്ത്യയിൽ നടത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും ബിസിസിഐ വ്യക്തമാക്കി.

എന്നാൽ ആവശ്യമെങ്കില്‍ യുഎഇയിലേക്ക് വേദി മാറ്റുന്നതും പരിഗണിക്കും. മുഷ്താഖ് അലി ട്വന്‍റി 20 നടത്തിപ്പ്, ഐപിഎൽ വേദി തീരുമാനിക്കുന്നതിൽ നിര്‍ണായകമാകുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

പുതിയ ടീമുകളെ ഈ സീസണില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. മെഗാ ലേലം നടത്താന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും പുതിയ സീസണ് മുമ്പ് അതിനുവേണ്ടത്ര സമയം ലഭിക്കില്ലെന്നതാണ് മിനി ലേലത്തിലൊതുക്കാന്‍ ഐപിഎല്‍ ഭരണസമിതിയെ പ്രേരിപ്പിച്ചത്. ജനുവരി 10ന് ആരംഭിക്കുന്ന സയ്യിഡ് മുഷ്താഖ് അലി ടി2- ട്രോഫിയിലെ പ്രകടനം താരങ്ങളുടെ ലേലത്തിലും പ്രതിഫലിക്കുമെന്നാണ് സൂചന.

ആറ് വേദികളിലായാണ് കൊവിഡിന് ശേഷം രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് സീസണ് തുടക്കമിടുന്ന മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റ് നടത്തുന്നത്. ചെന്നൈ, ഇന്‍ഡോര്‍, ബറോഡ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് വേദികള്‍. നോക്കൗട്ട് മത്സരങ്ങള്‍ക്ക് അഹമ്മദാബാദ് വേദിയാവും.

click me!