മെല്‍ബണില്‍ ഓസീസ് ശ്രമിച്ചത് പിടിച്ചുനില്‍ക്കാന്‍; വിമര്‍ശനവുമായി മക്‌ഗ്രാത്ത്

By Web TeamFirst Published Jan 6, 2021, 6:36 PM IST
Highlights

മെല്‍ബണില്‍ ബാറ്റിംഗ് നിരയുടെ സമീപനത്തില്‍ ഞാൻ കുറച്ച് നിരാശനാണ്. തിരിച്ചടികള്‍ നേരിട്ടപ്പോഴൊക്കെ അവര്‍ നെഗറ്റീവായി. റണ്‍സടിക്കാനുള്ള യാതൊരു ശ്രമവും നടത്തിയില്ല.

സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് നാളെ സിഡ്നിയില്‍ തുടക്കമാവാനിരിക്കെ ഓസീസ് ബാറ്റിംഗ് നിരക്കെതിരെ വിമര്‍ശനവുമായി മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മക്‌ഗ്രാത്ത്. മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാര്‍ റണ്‍സടിക്കുന്നതിന് പകരം പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചതെന്ന് മക്‌ഗ്രാത്ത് പറഞ്ഞു.

മെല്‍ബണില്‍ ബാറ്റിംഗ് നിരയുടെ സമീപനത്തില്‍ ഞാൻ കുറച്ച് നിരാശനാണ്. തിരിച്ചടികള്‍ നേരിട്ടപ്പോഴൊക്കെ അവര്‍ നെഗറ്റീവായി. റണ്‍സടിക്കാനുള്ള യാതൊരു ശ്രമവും നടത്തിയില്ല. റണ്‍സടിക്കുന്നതിന് പകരം എങ്ങനെയും പിടിച്ചു നില്‍ക്കാനായിരുന്നു അവരുടെ ശ്രമം. അവിടെയാണ് ഓസീസിന് പിഴച്ചത്. അതുപോലെ നിരവധി ക്യാച്ചുകളും അവര്‍ പാഴാക്കി.

സിഡ്നി ടെസ്റ്റില്‍ ഡേവിഡ് വാര്‍ണറുടെ തിരിച്ചുവരവ് ഓസ്ട്രേലിയക്ക് പുതിയ ഉണര്‍വ് നല്‍കും. എന്നാല്‍ സ്ഡിന് ടെസ്റ്റിലെങ്കിലും ബാറ്റിംഗ് നിര ഭയമില്ലാതെ റണ്‍സടിക്കാന്‍ ശ്രമിക്കണം. തങ്ങളെക്കൊണ്ട് എന്ത് ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാനുള്ള അവസരമാണിത്.

മെല്‍ബണില്‍ ഇന്ത്യ ബാറ്റ് ചെയ്ത രീതിയും അഭിനന്ദിക്കപ്പേടേണ്ടതാണ്. അവര്‍ ടീമില്‍ വരുത്തിയ മാറ്റങ്ങള്‍ വലിയ ഫലമാണ് ഉണ്ടാക്കിയത്. ക്യാപ്റ്റനെന്ന നിലയില്‍ രഹാനെ അവസരത്തിനൊത്ത് ഉയര്‍ന്നു. മികച്ച ബൗളിംഗ് നിരക്കെതിരെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എങ്ങനെ ബാറ്റ് ചെയ്യാമെന്ന് അവര്‍ കാണിച്ചുതന്നുവെന്നും മക്‌ഗ്രാത്ത് പറഞ്ഞു.

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഓരോ ജയങ്ങളുമായി ഇരു ടീമും 1-1 തുല്യത പാലിക്കുകയാണ്. വ്യാഴാഴ്ച സിഡ്നിയിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്.

click me!