കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മൂന്ന് വിദേശ താരങ്ങളെ ഒഴിവാക്കണം: ആകാശ് ചോപ്ര

By Web TeamFirst Published Nov 16, 2020, 3:36 PM IST
Highlights

സീസണിലെ ബാറ്റിംഗില്‍ വമ്പന്‍ പരാജയങ്ങളില്‍ ഒരാളായിരുന്നു ഗ്ലെന്‍ മാക്‌സ്‌വെല്‍. 13 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 108 റണ്‍സ് മാത്രമാണ് നേടിയത്.

ദില്ലി: ഐപിഎല്‍ താരലേലത്തിന് മുമ്പ് മൂന്ന് വിദേശ താരങ്ങളെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. അടുത്തിടെ അവസാനിച്ച പതിമൂന്നാം സീസണില്‍ കിംഗ്‌സ് ഇലവന് പ്ലേ ഓഫ് യോഗ്യത നേടാനാകാതെ പോയതോടെയാണ് ചോപ്രയുടെ നിര്‍ദേശം. 

സീസണില്‍ വലിയ നിരാശ സമ്മാനിച്ച ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, വിന്‍ഡീസ് പേസര്‍ ഷെല്‍ഡ്രണ്‍ കോട്രല്‍, ഇലവനില്‍ അവസരം ലഭിക്കാതിരുന്ന ഹാര്‍ഡസ് വിലോജേന്‍ എന്നിവരെ ഒഴിവാക്കണം എന്നാണ് ചോപ്ര ആവശ്യപ്പെട്ടത്. മധ്യനിരയില്‍ ഇന്ത്യന്‍താരം ദീപക് ഹൂഡയ്‌ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് വാദിക്കുകയും ചെയ്തു അദേഹം. 'മാക്‌സ്‌വെല്ലിന് ഏറെ അവസരം ലഭിച്ചപ്പോള്‍ ഹുഡയെ അധികം പരിഗണിച്ചില്ല. കുറഞ്ഞ അവസരങ്ങളില്‍ ഹൂഡ നിരാശപ്പെടുത്തിയില്ല. ടീം സെലക്ഷനില്‍ കിംഗ്‌സ് ഇലവന് പാളിച്ചകള്‍ സംഭവിച്ചു' എന്നും ആകാശ് ചോപ്ര പറഞ്ഞു. 

സീസണിലെ വമ്പന്‍ ബാറ്റിംഗ് പരാജയങ്ങളില്‍ ഒരാളായിരുന്നു ഗ്ലെന്‍ മാക്‌സ്‌വെല്‍. 13 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 108 റണ്‍സ് മാത്രമാണ് നേടിയത്. 32 ആണ് ഉയര്‍ന്ന സ്‌കോര്‍. നേടിയത് മൂന്ന് വിക്കറ്റും. അരങ്ങേറ്റ സീസണിനെത്തിയ കോട്രലിനും നിരാശയായിരുന്നു ഫലം. ആറ് മത്സരങ്ങളില്‍ അത്രതന്നെ വിക്കറ്റേ നേടാനായുള്ളൂ. 8.80 ഇക്കോണമി വഴങ്ങുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തിവാട്ടിയ ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയതും കോട്രലിന് നാണക്കേടുണ്ടാക്കി.  

ഐപിഎല്‍ പതിനാലാം സീസണ് മുമ്പ് താരലേലം നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ടീമുകളുണ്ടാവാനുള്ള സാധ്യതകള്‍ ഉള്ളതിനാലാണിത്. കൊവിഡ് കാരണം പ്രതീക്ഷിച്ച ലാഭം നേടാനാകാതെ പോയ സാഹചര്യത്തിലാണ് പുതിയ ടീമുകളെ ഉള്‍പ്പെടുത്തുന്നത് ബിസിസിഐ ആലോചിക്കുന്നത്. താരലേലത്തിന് ഒരുങ്ങിയിരിക്കാന്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അങ്ങനെയെങ്കില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്.  

'ഇഷ്‌ടമൊക്കെയാണ്, പക്ഷേ ഒരു കാര്യം ഇഷ്‌ടപ്പെടുന്നില്ല'; കോലിക്ക് താക്കീതുമായി പെയ്‌ന്‍

click me!