സിഡ്‌നി: കളത്തിലും പുറത്തും എക്കാലവും തീ കോരിയിട്ടിട്ടുണ്ട് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പരകള്‍. പ്രത്യേകിച്ച് ഇന്ത്യയുടെ ഓസീസ് പര്യടനം എക്കാലത്തും വാക്‌പോരിനാല്‍ ശ്രദ്ധേയമായിരുന്നു. 2018-19 സീസണിലെ പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നും വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. ഇത്തവണയും പതിവാവര്‍ത്തിക്കും എന്ന സൂചന നല്‍കി ഐതിഹാസിക പരമ്പരയ്‌ക്ക് മുമ്പ് വാക്‌പോരിന് തുടക്കമിട്ടിരിക്കുകയാണ് പെയ്‌ന്‍. 

'വിരാട് കോലിയെ വെറുക്കാന്‍ ഞങ്ങള്‍ ഇഷ്‌ടപ്പെടുന്നു. ക്രിക്കറ്റ് ആരാധകരെന്ന നിലയില്‍ കോലി ബാറ്റ് ചെയ്യുന്നത് കാണാനും ഇഷ്‌ടമാണ്. എന്നാല്‍ കോലി ഏറെ റണ്‍സ് അടിച്ചുകൂട്ടുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല' എന്നുമാണ് ഓസീസ് നായകന്‍റെ വാക്കുകള്‍. 

കഴിഞ്ഞ പര്യടനത്തില്‍ പെര്‍ത്ത് ടെസ്റ്റിനിടെ കോലിയും പെയ്‌നും നിരവധി തവണ മുഖാമുഖം വന്നിരുന്നു. പെയ്‌ന്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു ഏറെയും. കോലിയുമായുള്ള വാക്‌പോരിനെ കുറിച്ച് പെയ്‌ന്‍ പറയുന്നത് ഇങ്ങനെ. 'ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം എക്കാലവും ചൂടേറിയ പരമ്പരയാണ്. കോലിയും ഞാനും മത്സരാഭിമുഖ്യമുള്ളവരാണ്. കോലിയുമായി വാക്‌പോരുണ്ടായത് ഞങ്ങള്‍ രണ്ടാളും നായകന്‍മാരാണ് എന്നതുകൊണ്ടല്ല. ആരായാലും ഇങ്ങനെയേ സംഭവിക്കൂ. ലോകത്തെ മികച്ച താരങ്ങള്‍ ക്രീസിലെത്തുമ്പോള്‍ തീവ്രതയുയരുക സ്വാഭാവികമാണ്' എന്നും പെയ്‌ന്‍ പറഞ്ഞു. 

ആദ്യ വെല്ലുവിളി സ്‌മിത്ത് വക

ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ഇന്ത്യന്‍ പേസര്‍മാരെ വെല്ലുവിളിച്ച് സ്റ്റീവ് സ്‌മിത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. 'എനിക്കെതിരെ ഷോട്ട് പിച്ച് പന്തുകളെറിയാനാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ ആഗ്രഹമെങ്കില്‍ സ്വാഗതം ചെയ്യുന്നു. ഷോട്ട് പിച്ച് പന്തെറിയുമ്പോള്‍ ഗുണം ഞങ്ങള്‍ക്കാണ്. ഷോട്ട് ബോളുകള്‍ നേരിടുന്നതു കൊണ്ട് വലിയ ക്ഷീണമെന്നും തോന്നാറില്ല. ഷോട്ട് പിച്ച് പന്തൊരുക്കി വീഴ്‌ത്താന്‍ വാഗ്‌നര്‍ ഉള്‍പ്പടെ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വാഗ്‌നര്‍ വിജയിച്ചതുപോലെ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല എന്ന കാര്യം മറക്കരുത്' എന്ന് പറഞ്ഞായിരുന്നു സ്‌‌മിത്തിന്‍റെ പ്രകോപനം. 

ഓസ്‌ട്രേലിയയില്‍ മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുകളുമാണ് ഇന്ത്യന്‍ ടീം കളിക്കുക. ഈമാസം 27ന് തുടങ്ങുന്ന ഏകദിന പരമ്പരയ്‌ക്ക് ശേഷമാണ് ട്വന്റി 20 മത്സരങ്ങള്‍. ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുക. വിദേശത്ത് ഇന്ത്യയുടെ ആദ്യ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റാണിത്. ടെസ്റ്റ് പരമ്പര ജയിച്ച് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ജയിച്ച് ചരിത്രത്തിലാദ്യമായി കങ്കാരുക്കളുടെ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര(2-1) നേടിയിരുന്നു. 

ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ പേസര്‍മാരെ വെല്ലുവിളിച്ച് സ്റ്റീവ് സ്മിത്ത്