IPL 2022 Final : ആരടിക്കും കപ്പ്, ഹര്‍ദിക്കോ സഞ്ജുവോ? പ്രവചനവുമായി മുന്‍താരങ്ങള്‍

By Jomit JoseFirst Published May 29, 2022, 1:22 PM IST
Highlights

വിസ്‌മയ ഫോമിലുള്ള ജോസ് ബട്‌ലറെ ഗുജറാത്ത് ടീം നിസാരമായി കാണരുത് എന്ന് സുരേഷ് റെയ്‌ന അഭ്യര്‍ഥിച്ചു

അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) ആര് കിരീടമുയര്‍ത്തും? രണ്ട് മാസം നീണ്ടുനിന്ന ടി20 ക്ലാസിക്കിന് ഇന്ന് തിരശ്ശീല വീഴുമ്പോള്‍ പ്രവചനങ്ങള്‍ തകൃതിയായി നടക്കുകയാണ്. ടൂര്‍ണമെന്‍റിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനും(Gujarat Titans) മുമ്പ് ഒരു തവണ കിരീടം നേടിയിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിനും(Rajasthan Royals) കിരീട സാധ്യത പ്രവചിക്കുന്നവരുണ്ട്. എന്നാല്‍ ഏറെപ്പേരുടെ പിന്തുണയും ഗുജറാത്ത് ടീമിനാണ് എന്നതാണ് വസ്‌തുത. 

ഗുജറാത്തിനെ പിന്തുണച്ച് ഒരുപിടി മുന്‍താരങ്ങള്‍

ഇന്ത്യന്‍ സ്‌പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ്, റാവല്‍പിണ്ടി എക്‌സ്‌പ്രസ് ഷൊയൈബ് അക്‌തര്‍, മിസ്റ്റര്‍ ഐപിഎല്‍ സുരേഷ് റെയ്‌ന എന്നിവരുടെ പിന്തുണ ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമാണ്. 'രാജസ്ഥാന്‍ റോയല്‍സിന് മുകളില്‍ നേരിയ മുന്‍തൂക്കം ഗുജറാത്ത് ടൈറ്റന്‍സിനുണ്ട് എന്നാണ് തോന്നുന്നത്. സീസണില്‍ ടീം കാത്തുസൂക്ഷിക്കുന്ന ടെംബോയും നാലഞ്ച് ദിവസത്തെ വിശ്രമം കഴിഞ്ഞെത്തുന്നതുമാണ്' ഇതിന് കാരണം എന്നും റെയ്‌ന പറഞ്ഞു.  

അതേസമയം വിസ്‌മയ ഫോമിലുള്ള ജോസ് ബട്‌ലറെ ഗുജറാത്ത് ടീം നിസാരമായി കാണരുത് എന്ന് സുരേഷ് റെയ്‌ന അഭ്യര്‍ഥിച്ചു. 'ഫോമിലുള്ള ബട്‌ലറുള്ള രാജസ്ഥാന്‍ റോയല്‍സ് നിസാരക്കാരല്ല. ബട്‌ലറിന്‍റെ ഫോം ടീമിന് വലിയ ബോണസാണ്. അതിനാല്‍ ഐതിഹാസികമായ പോരാട്ടമാകും ഇന്ന് അരങ്ങേറുക. അഹമ്മദാബാദിലെ വിക്കറ്റ് മികച്ചതാണ്. അതിനാല്‍ ബാറ്റര്‍മാരില്‍ നിന്ന് മികച്ച ഷോട്ടുകള്‍ പ്രതീക്ഷിക്കാം' എന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു. സീസണില്‍ 824 റണ്‍സുമായി ബട്‌‌ലര്‍ ഓറഞ്ച് ക്യാപ് ഇതിനകം ഉറപ്പിച്ചുകഴിഞ്ഞു. അവസാന രണ്ട് കളികളില്‍ 89*, 106 എന്നിങ്ങനെയായിരുന്നു ബട്‌ലറുടെ സ്‌കോര്‍. 

സ്‌മിത്തിന്‍റെ പിന്തുണ രാജസ്ഥാന്

അതേസമയം ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഗ്രേം സ്‌മിത്തിന്‍റെ പിന്തുണ തന്‍റെ മുന്‍ ടീം കൂടിയായ രാജസ്ഥാന്‍ റോയല്‍സിനാണ്. 'അഹമ്മദാബാദില്‍ നേരത്തെ കളിച്ചിട്ടുള്ളതാണ് രാജസ്ഥാന് മുന്‍തൂക്കം നല്‍കുന്നത്. ഔട്ട്ഫീല്‍ഡും പിച്ചും ബൗണ്‍സും അടക്കമുള്ള അവിടുത്തെ സാഹചര്യങ്ങളുമായി ടീം പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇരു ടീമിലും മാച്ച് വിന്നര്‍മാരായ വമ്പന്‍ താരങ്ങളുള്ളതിനാല്‍ സാഹചര്യത്തിനനുസരിച്ച് ആരെങ്കിലും ഉയര്‍ന്നാല്‍ കലാശപ്പോര് വലിയ ആവേശമാകും' എന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ തുടങ്ങുക. സഞ്ജു സാംസണിലൂടെ ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി നായകന്‍ കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഷെയ്‌ന്‍ വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനല്‍ കളിക്കുന്നത്. ടീമിന്‍റെ ആദ്യ റോയല്‍ നായകനായ ഷെയ്‌ന്‍ വോണിന് കിരീടം സമ്മാനിക്കുകയാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ലക്ഷ്യം. അതേസമയം ലീഗിലെ കന്നി ടീമായ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ്. 

IPL 2022 Final : മഴ കളിക്കുമോ ഐപിഎല്‍ ഫൈനലില്‍? കാലാവസ്ഥാ പ്രവചനം ഇങ്ങനെ

click me!