വാക്കുതര്‍ക്കം പെട്ടെന്ന് കൈയാങ്കളിയിലേക്ക് നീങ്ങുകയും മൂന്ന് യുവതാരങ്ങളും പ്രകോപിതരായി കോച്ചിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോണ്ടിച്ചേരി: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിനുള്ള ടീമിലേക്ക് പരിഗണിക്കാതിരുന്നതിന്‍റെ പ്രതികാരമായി കോച്ചിനെ ആക്രമിച്ച് യുവതാരങ്ങള്‍. പോണ്ടിച്ചേരി അണ്ടര്‍ 19 ടീം പരിശീലകനായ എസ് വെങ്കട്ടരമണനെയാണ് മൂന്ന് യുവതാരങ്ങൾ ഗ്രൗണ്ടില്‍വെച്ച് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്കട്ടരമണയുടെ നെറ്റിയില്‍ 20 തുന്നലുണ്ട്. ആക്രമണത്തില്‍ വെങ്കട്ടരമണയുടെ തോളെല്ലിന് വാരിയെല്ലിനും പൊട്ടലുമേറ്റിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കാര്‍ത്തികേയന്‍, അരവിന്ദ് രാജ്, സന്തോഷ് കുമാര്‍ എന്നീ മൂന്ന് പ്രാദേശിക താരങ്ങള്‍ക്കെതിരെ പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇവര്‍ ഒളിവിലാണെന്നാണ് വിവരം.
തിങ്കളാഴ്ച ഗ്രൗണ്ടിലെ നെറ്റ്സില്‍ വെങ്കട്ടരമണ അണ്ടര്‍ 19 താരങ്ങളുടെ പരിശീലനത്തിന് മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കെയാണ് ഗ്രൗണ്ടിലെത്തിയ യുവതാരങ്ങള്‍ തങ്ങളെ മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുക്കാതിരുന്നതിനെ ചോദ്യം ചെയ്തത്. വാക്കുതര്‍ക്കം പെട്ടെന്ന് കൈയാങ്കളിയിലേക്ക് നീങ്ങുകയും മൂന്ന് യുവതാരങ്ങളും പ്രകോപിതരായി കോച്ചിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം യുവതാരങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
കരുതികൂട്ടിയുള്ള ആക്രമണമാണ് യുവതാരങ്ങള്‍ നടത്തിയതെന്നും വളരെ മൃഗിയമായാണ് പരിശീലകനെ ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ വെങ്കട്ടരമണയുടെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റതിന് പുറമെ തോളെല്ലിനും വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ടെന്നും പൊലീസ് പറഞ്ഞു. വെങ്കട്ടരമണ ഇപ്പോഴും ചികിത്സയിലാണ്. ഗ്രൗണ്ടിലെ സിസി ടിവികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.


