IPL 2022 : ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തോല്‍വികള്‍ക്ക് രണ്ട് പ്രധാന കാരണങ്ങള്‍: ഹര്‍ഭജന്‍ സിംഗ്

By Web TeamFirst Published Apr 9, 2022, 2:22 PM IST
Highlights

പേസര്‍ ദീപക് ചാഹറിന്‍റെ അസാന്നിധ്യമാണ് ചെന്നൈയുടെ തിരിച്ചടികള്‍ക്ക് കാരണമൊന്നായി ഹര്‍ഭജന്‍ സിംഗ് ചൂണ്ടിക്കാട്ടുന്നത്

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) മോശം തുടക്കമാണ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (Chennai Super Kings) കിട്ടിയത്. കളിച്ച മൂന്ന് മത്സരങ്ങളിലും തോല്‍ക്കാനായിരുന്നു രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) നായകത്വത്തിലിറങ്ങിയ ടീമിന്‍റെ വിധി. സിഎസ്‌കെയുടെ (CSK) തോല്‍വികള്‍ക്ക് പിന്നില്‍ രണ്ട് പ്രധാന കാരണങ്ങളുണ്ട് എന്നാണ് ചെന്നൈ മുന്‍താരം ഹര്‍ഭജന്‍ സിംഗ് (Harbhajan Singh) പറയുന്നത്. 

പേസര്‍ ദീപക് ചാഹറിന്‍റെ അസാന്നിധ്യമാണ് ചെന്നൈയുടെ തിരിച്ചടികള്‍ക്ക് കാരണമൊന്നായി ഹര്‍ഭജന്‍ സിംഗ് ചൂണ്ടിക്കാട്ടുന്നത്. 'രണ്ട് പ്രധാന കാരണങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുള്ളത്. ആദ്യ ആറ് ഓവറുകളില്‍ തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്താന്‍ കഴിവുള്ള ദീപക് ചാഹറിനെ പോലൊരു ബൗളറില്ല. പവര്‍പ്ലേയ്‌ക്ക് ശേഷം 7-15 ഓവറുകളില്‍ വിക്കറ്റ് വേട്ടക്കാരായ സ്‌പിന്നര്‍മാരുമില്ല. റുതുരാജ് ഗെയ്‌ക്‌വാദ് വേഗത്തില്‍ പുറത്താകുന്നു. അതിനാല്‍ ശക്തമായ ഓപ്പണിംഗ് സഖ്യമില്ല. അതിനാലാണ് ചെന്നൈ മൂന്ന് മത്സരങ്ങളും തോറ്റത്. എന്നാല്‍ ഇനി വിജയങ്ങളോടെ ചെന്നൈ തിരിച്ചെത്തിയാല്‍ ഞാന്‍ അത്ഭുതപ്പെടില്ല' എന്നും ഹര്‍ഭജന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.  

മെഗാതാരലേലത്തില്‍ 14 കോടി മുടക്കി ചെന്നൈ സ്വന്തമാക്കിയ ദീപക് ചാഹറിന് ഇതുവരെ ഈ സീസണില്‍ കളിക്കാനായിട്ടില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലായിരുന്നു താരം. 2018ലാണ് ദീപക് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമായത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പം നേടി. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ താരം പേരിലാക്കിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി 32 വിക്കറ്റ് നേടി. ചാഹറിന് എപ്പോള്‍ കളിക്കാനാകും എന്ന് വ്യക്തമല്ലാത്തതിനാല്‍ ഉചിതമായ പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെ കഴിയാത്തതും തിരിച്ചടിയായി.  

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇന്ന് മത്സരമുണ്ട്. ഉച്ചകഴിഞ്ഞ് 3.30ന് മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം. ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്. ചെന്നൈ ആദ്യ മൂന്ന് കളിയിലും ഹൈദരാബാദ് രണ്ട് മത്സരങ്ങളിലും തോറ്റിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പ്രതിസന്ധി നേരിടുന്ന ടീമുകളാണ് ചെന്നൈയും ഹൈദരാബാദും. കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ റുതുരാജ് ഗെയ്‌ക്‌വാദിന് ഇതുവരെ ഫോമിലേക്ക് എത്താനായിട്ടില്ല എന്നത് ചെന്നൈയ്‌ക്ക് കനത്ത തലവേദനയാണ്.

IPL 2022 : ആദ്യ ജയത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും; കണക്കില്‍ മുന്‍തൂക്കം ആര്‍ക്ക്

click me!