ഉച്ചകഴിഞ്ഞ് 3.30ന് ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്നത്തെ ആദ്യ മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും (CSK vs SRH) തമ്മിലാണ്. പതിനഞ്ചാം സീസണിലെ ആദ്യ മൂന്ന് കളികളും തോറ്റാണ് ചെന്നൈ (Chennai Super Kings) വരുന്നത്. എന്നാല്‍ നേർക്കുനേർ കണക്കിൽ ചെന്നൈയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ ഏറ്റുമുട്ടിയ പതിനാറ് കളിയിൽ പന്ത്രണ്ടിലും ജയം ചെന്നൈയ്ക്കൊപ്പമായിരുന്നു. ഹൈദരാബാദ് (Sunrisers Hyderabad) ജയിച്ചത് നാല് കളിയില്‍ മാത്രം.

ഉച്ചകഴിഞ്ഞ് 3.30ന് ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം. ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്. ചെന്നൈ ആദ്യ മൂന്ന് കളിയിലും ഹൈദരാബാദ് രണ്ട് മത്സരങ്ങളിലും തോറ്റിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പ്രതിസന്ധി നേരിടുന്ന ടീമുകളാണ് ചെന്നൈയും ഹൈദരാബാദും. കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ റുതുരാജ് ഗെയ്‌ക്‌വാദിന് ഇതുവരെ ഫോമിലേക്ക് എത്താനായിട്ടില്ല എന്നത് ചെന്നൈയ്‌ക്ക് കനത്ത തലവേദനയാണ്.

ചരിത്ര മത്സരത്തിന് ജഡേജ

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തോടെ ചെന്നൈ നായകന്‍ രവീന്ദ്ര ജഡേജ സിഎസ്‌കെ ജേഴ്‌സിയില്‍ 150 മത്സരങ്ങള്‍ തികയ്‌ക്കും. മുന്‍ നായകന്‍ എം എസ് ധോണിയും, മുന്‍താരം സുരേഷ് റെയ്‌നയും മാത്രമാണ് 150ലധികം മത്സരങ്ങള്‍ സിഎസ്‌കെ കുപ്പായത്തില്‍ കളിച്ചിട്ടുള്ളൂ. 2012ലാണ് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തിയത്. ചെന്നൈക്കായി കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരമാണ് ജഡേജ. 149 മത്സരങ്ങളില്‍ 110 പേരെ പുറത്താക്കി. ഇതിനൊപ്പം 1,523 റണ്‍സും മഞ്ഞക്കുപ്പായത്തില്‍ പേരിലെഴുതി. നിരവധി മാച്ച് വിന്നിംഗ്‌ പ്രകടനങ്ങള്‍ ജഡേജയുടെ ബാറ്റില്‍ നിന്നുണ്ടായി. 

ഇന്നത്തെ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും മുഖാമുഖം വരും. പൂനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് ബാംഗ്ലൂര്‍-മുംബൈ പോരാട്ടം. താരലേലത്തിന് ശേഷം പുതിയ ടീമാണെങ്കിലും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യൻസിന്‍റെ തുടക്കത്തിൽ വലിയ മാറ്റമൊന്നുമില്ല. ആദ്യ മൂന്ന് കളിയിലും തോറ്റു. തോറ്റ് തുടങ്ങിയെങ്കിലും തുട‍ർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഫാഫ് ഡുപ്ലെസിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വരുന്നത്. 

IPL 2022 : ആര്‍സിബി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; മുംബൈക്കെതിരെ ഗ്ലെന്‍ മാക്‌സ്‌വെല്‍ കളിക്കും