IPL 2022 : 'എവിടെ വേണേലും ബാറ്റ് ചെയ്യാം'; രാജസ്ഥാന്‍ റോയല്‍സ് താരത്തിന് ഗാവസ്‌‌കറുടെ പ്രശംസ

By Jomit JoseFirst Published May 23, 2022, 1:38 PM IST
Highlights

ഐപിഎല്ലിന്‍റെ ഈ സീസണില്‍ 14 മത്സരങ്ങളില്‍ 183 റണ്‍സ് അശ്വിന്‍ നേടിയിരുന്നു

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) ബൗളിംഗിന് പുറമെ ബാറ്റ് കൊണ്ടും തിളങ്ങിയ രവിചന്ദ്ര അശ്വിനെ(Ravichandran Ashwin) പ്രശംസിച്ച് ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍(Sunil Gavaskar). ഏത് പൊസിഷനിലും അശ്വിനെ ബാറ്റിംഗിന് അയക്കാമെന്നും ടി20 ലോകകപ്പ്(ICC Men's T20 World Cup 2022) സ്‌ക്വാഡില്‍ ഒഴിവാക്കാന്‍ പറ്റാത്ത താരമായിരിക്കും അശ്വിന്‍ എന്നുമാണ് ഗാവസ്‌കറുടെ വാക്കുകള്‍. 

എവിടെ വേണേലും ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് അദേഹത്തിന് തെളിയിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ഓപ്പണിംഗ് ബാറ്ററായാണ് അശ്വിന്‍ കരിയര്‍ ആരംഭിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലല്ല, ക്ലബ് തലത്തിലാണെന്ന് തോന്നുന്നു അത്. ഇപ്പോള്‍ ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളാണ് അശ്വിന്‍. അഞ്ച് ടെസ്റ്റ് സെഞ്ചുറികളുള്ള ബാറ്ററാണ്. അതിനാല്‍ അദേഹത്തിന് നന്നായി ബാറ്റ് ചെയ്യാനാകും. അത് അശ്വിനും അറിയാം. ടി20 ക്രിക്കറ്റിലും ബാറ്റ് ചെയ്യാനാകുമെന്നും ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കാമെന്നും അശ്വിന്‍ തെളിയിക്കുകയാണ്. സ്വന്തം ബാറ്റിംഗ് പ്രകടനത്തില്‍ അശ്വിന്‍ വളരെ ആകാംക്ഷയിലാണ്. ബോളും ബാറ്റും കൊണ്ടുള്ള പ്രകടനത്തിലൂടെ എന്നെ ടീമിലെടുക്കൂ എന്ന് അശ്വിന്‍ ആവശ്യപ്പെടുകയാണ് എന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്ലിന്‍റെ ഈ സീസണില്‍ 14 മത്സരങ്ങളില്‍ 183 റണ്‍സ് അശ്വിന്‍ നേടിയിരുന്നു. ഐപിഎല്ലിലെ കന്നി അര്‍ധ സെഞ്ചുറിയും പേരിലാക്കി. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയത് ആര്‍ അശ്വിന്‍റെ മികവിലാണ്. അശ്വിന്‍ 23 പന്തില്‍ 40* റണ്‍സുമായി മത്സരത്തില്‍ കയ്യടി വാങ്ങി. ഒരു വിക്കറ്റും വീഴ്‌ത്തിയ അശ്വിനായിരുന്നു മത്സരത്തിലെ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടത്. ഇതിനൊപ്പം 11 വിക്കറ്റുകളും അശ്വിന് ഈ സീസണില്‍ സ്വന്തമായുണ്ട്.  

ഐപിഎല്ലില്‍ പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് നാളെ തുടക്കമാവും. ആദ്യത്തെ ക്വാളിഫയറില്‍ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയൽസും ഏറ്റുമുട്ടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും. തോൽക്കുന്ന ടീം എലിമിനേറ്ററിലെ വിജയിയെ രണ്ടാം ക്വാളിഫയറില്‍ നേരിടും. രാജസ്ഥാന്‍ നിരയില്‍ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിലേക്കും ഓള്‍റൗണ്ട് മികവ് കാട്ടുന്ന ആര്‍ അശ്വിനിലേക്കുമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

IPL 2022 : വെടിയുണ്ട പോലൊരു പന്ത്; ഉമ്രാന്‍ മാലിക്കിന്‍റെ ഏറ് കൊണ്ട് പുളഞ്ഞ് മായങ്ക് അഗര്‍വാള്‍

click me!