
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) അഞ്ചാം തോല്‍വി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) നായകന്‍ സഞ്ജു സാംസണിനെതിരെ(Sanju Samson) രൂക്ഷ വിമര്‍ശനവുമായി ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍(Sunil Gavaskar). ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) സഞ്ജു ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയതാണ് ഗാവസ്‌കറെ ചൊടിപ്പിച്ചത്. ബാറ്റിംഗ് ക്രമത്തില്‍ മുന്നോട്ടുകയറി ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് സഞ്ജു ചെയ്യേണ്ടത് എന്ന് ഇതിഹാസതാരം വ്യക്തമാക്കി.
രൂക്ഷ വിമര്‍ശനവുമായി ഗാവസ്‌കര്‍
'മികച്ച ഹിറ്ററാണ് സഞ്ജു സാംസണ്‍. എന്നാല്‍ ബാറ്റിംഗില്‍ ഓര്‍ഡറില്‍ താഴേക്കിറങ്ങിയത് സഞ്ജുവിന് ഗുണകരമായില്ല. നാലാം നമ്പര്‍ ബാറ്ററാണെങ്കില്‍ നാലാമതോ മൂന്നാമതോ ഇറങ്ങണം. ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് ചെയ്യണം. ഇപ്പോള്‍ സംഭവിച്ചത് എന്താണെന്ന് നോക്കുക. ടീം ആഗ്രഹിച്ച തുടക്കം ലഭിക്കാത്തതിന് പിന്നാലെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു സഞ്ജു' എന്നും ഇന്ത്യന്‍ മുന്‍നായകന്‍ വിമര്‍ശിച്ചു.
സീസണില്‍ 12 മത്സരങ്ങളില്‍ 327 റണ്‍സുമായി രാജസ്ഥാന്‍ റോയല്‍സിന്‍റെ ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരനാണ് സഞ്ജു സാംസണ്‍. 155.71 സ്‌ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ട്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഞ്ചാം നമ്പറിലാണ് സഞ്ജു ബാറ്റിംഗിറങ്ങിയത്. വന്നയുടനെ ബൗണ്ടറി നേടിയെങ്കിലും ആന്‍റിച്ച് നോര്‍ക്യയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ സഞ്ജു ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ ക്യാച്ചില്‍ പുറത്തായി. നാല് പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം.
തന്ത്രങ്ങളുടെ വിജയവും പരാജയവും
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ജോസ് ബട്‌ലറും(7) യശ്വസി ജയ്‌സ്വാളും(19) പുറത്തായ ശേഷം ആര്‍ അശ്വിനെ മൂന്നാമനായും ദേവ്‌ദത്ത് പടിക്കലിനെ നാലാമനായും സഞ്ജു ക്രീസിലേക്ക് അയക്കുകയായിരുന്നു. ഈ തന്ത്രം വിജയിച്ചെങ്കിലും സ്വന്തം ബാറ്റിംഗില്‍ സഞ്ജുവിന് പിഴച്ചു. 38 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 50 റണ്‍സെടുത്ത ആര്‍ അശ്വിന്‍റെ പ്രകടനമാണ് തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം രാജസ്ഥാനെ കരകയറ്റിയത്. 38 പന്തില്‍ 48 റണ്‍സെടുത്ത ദേവ്‌ദത്ത് പടിക്കലിന്‍റെ പോരാട്ടവും തുണയായി.
മറുപടി ബാറ്റിംഗില്‍ ഓസീസ് കരുത്തില്‍ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ് ജയത്തിലെത്തി. രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് തകർത്ത് ഡൽഹി ആറാം ജയം സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാന്‍റെ 160 റൺസ് ഡൽഹി 11 പന്ത് ശേഷിക്കേ മറികടന്നു. മിച്ചല്‍ മാര്‍ഷ് 62 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സറും സഹിതം 89 ഉം ഡേവിഡ് വാര്‍ണര്‍ 41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 52 ഉം റണ്‍സെടുത്തു. 4 പന്തില്‍ 13 റണ്‍സുമായി റിഷഭ് പന്തും പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!