
നവി മുംബൈ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് (Mumbai vs Rajasthan) സൂപ്പര്‍പോരാട്ടം അല്‍പസമയത്തിനകം. ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാന്‍ ജയത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ തോല്‍വിയില്‍ നിന്ന് വിജയവഴിയില്‍ എത്തുകയാണ് മുംബൈയുടെ ലക്ഷ്യം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. നേഥന്‍ കൂള്‍ട്ടര്‍ നൈലിന് പകരം നവ്‌ദീപ് സെയ്‌നി പ്ലേയിംഗ് ഇലവനിലെത്തി. മുംബൈ ഇന്ത്യന്‍സ് നിരയിലാവട്ടെ പരിക്കിന്‍റെ പിടിയിലായിരുന്ന സൂര്യകുമാര്‍ യാദവ് മടങ്ങിയെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യശസ്വീ ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്‌മയര്‍, റിയാന്‍ പരാഗ്, രവിചന്ദ്ര അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, ട്രെന്‍ഡ് ബോള്‍ട്ട്, നവ്‌ദീപ് സെയ്‌നി, പ്രസിദ്ധ് കൃഷ്‌ണ.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, അന്‍മോല്‍പ്രീത് സിംഗ്, തിലക് വര്‍മ്മ, കീറോണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയേല്‍ സാംസ്, മുരുകന്‍ അശ്വിന്‍, ജസ്‌പ്രീത് ബുമ്ര, തൈമല്‍ മില്‍സ്, ബേസില്‍ തമ്പി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ചാണ് രാജസ്ഥാൻ റോയല്‍സ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസ് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റിരുന്നു. ഐപിഎല്ലില്‍ ഇരു ടീമും മുമ്പ് 25 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് 13ലും രാജസ്ഥാൻ റോയല്‍സ് 11 കളിയിലും ജയിച്ചു. മെഗാതാരലേലത്തില്‍ മികച്ച താരങ്ങളെ പാളയത്തിലെത്തിച്ച് ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് ഇത്തവണ ടീം എന്നത് സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
മലയാളി താരങ്ങളായ സഞ്ജുവും ബേസിൽ തമ്പിയും മുഖാമുഖം വരുന്ന മത്സരം കൂടിയാണ് ഇന്നത്തേത്. സഞ്ജു ആദ്യ മത്സരത്തിൽ അതിവേഗ അർധസെഞ്ചുറി നേടിയപ്പോൾ ബേസിൽ മുംബൈയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!