
അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) ഗുജറാത്ത് ടൈറ്റന്‍സ്(Gujarat Titans) കപ്പുയര്‍ത്തിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) പേര് ഉയര്‍ന്നുകഴിഞ്ഞു. ടീം ഇന്ത്യയുടെ(Team India) ഭാവി ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ കാണുന്നവരുണ്ട്. ഇതേ നിലപാടാണ് ഇംഗ്ലണ്ട് മുന്‍താരവും കമന്‍റേറ്ററുമായ മൈക്കല്‍ വോണിന്(Michael Vaughan).
പുതിയ ഫ്രാഞ്ചൈസിക്ക്(ഗുജറാത്ത് ടൈറ്റന്‍സ്) മികച്ച നേട്ടമാണിത്. അടുത്ത വര്‍ഷങ്ങളില്‍ ക്യാപ്റ്റനെ ടീം ഇന്ത്യക്ക് ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഹാര്‍ദിക് പാണ്ഡ്യയെയേ നോക്കുകയുള്ളൂ. ഗുജറാത്ത് നന്നായി കളിച്ചു എന്നും മൈക്കല്‍ വോണ്‍ ട്വീറ്റ് ചെയ്‌തു.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 15 കളിയില്‍ 487 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഫൈനലിലെ മൂന്ന് അടക്കം എട്ട് വിക്കറ്റും വീഴ്ത്തി. ഹാര്‍ദിക്കിന്റെ അപ്രതീക്ഷിത മികവ് ടി20 നായകസ്ഥാനത്തേക്ക് ഇന്ത്യക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന കെ എല്‍ രാഹുലും റിഷഭ് പന്തിനും നായകപദവിയില്‍ മെച്ചപ്പെടാന്‍ ഏറെയുണ്ട്. ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടറായും ഗുജറാത്തിന്റെ നായകനായും തിളങ്ങുകയും പരിക്കുകള്‍ ഒഴിവാക്കുകയും ചെയ്താല്‍ നിയന്ത്രിത ഓവര്‍ ഫോര്‍മാറ്റിലെ നായകസ്ഥാനത്ത് ഹാര്‍ദിക്കിന് അവസരം നല്‍കാന്‍ സെലക്‌ടര്‍മാര്‍ തയ്യാറായേക്കും.
2021ലെ ടി20 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിക്കാത്ത ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ തിളങ്ങുമോ എന്ന സംശയം സജീവമായിരുന്നു. പാണ്ഡ്യ പന്തെറിയും എന്ന് ആരും പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഐപിഎല്ലില്‍ ഓള്‍റൗണ്ട് മികവുമായി ഹാര്‍ദിക് പാണ്ഡ്യ തന്‍റെ കഴിവ് കാട്ടി. ഐപിഎല്‍ പതിനഞ്ചാം സീസണിന്‍റെ രണ്ടാംപകുതിയില്‍ പന്തെറിയാതിരുന്ന പാണ്ഡ്യ ഫൈനലില്‍ രാജസ്ഥാനെതിരെ 17ന് മൂന്ന് വിക്കറ്റുമായി കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. കലാശപ്പോരില്‍ 30 പന്തില്‍ 34 റണ്‍സെടുത്ത് ബാറ്റിംഗില്‍ നിര്‍ണായക സംഭാവനയും ഹാര്‍ദിക് നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!