
മുംബൈ: ഐപിഎല്ലിലെ (IPL 2022) വേഗമേറിയ അര്‍ധ സെഞ്ചുറിക്ക് തുല്യ അവകാശികളാണ് കെ എല്‍ രാഹുലും (K L Rahul) പാറ്റ് കമ്മിന്‍സും (Pat Cummins). ഇരുവരും 14 പന്തുകളില്‍ നിന്നാണ് അര്‍ധ സെഞ്ചുറി നേടിയത്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ (Mumbai Indians) മത്സരത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം കമ്മിന്‍സ് റെക്കോര്‍ഡിലെത്തിയത്. 162 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ കൊല്‍ക്കത്ത മറികടക്കുകയും ചെയ്തു.
ആറ് സിസ്‌കും നാല് ഫോറും അടങ്ങുന്നതായിരുന്നു കമ്മിന്‍സിന്റെ ഇന്നിംഗ്‌സ്. കമ്മിന്‍സിന്റെ പ്രഹരങ്ങള്‍ക്ക് ഇരയായത് ഓസ്‌ട്രേലിയയുടെ തന്നെ പേസര്‍ ഡാനിയേല്‍ സാംസാണ്. 35 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. ആ ഓവറില്‍ മത്സരം തീരുകയും ചെയ്തു. എന്തായാലും സാംസിന് നല്ല കാലമല്ല. മത്സരം കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ട്രോളും ഉയര്‍ന്നിരുന്നു.
ഇതിനെതിരെ സാംസ് ട്വിറ്ററില്‍ പ്രതികരിച്ചുവെന്ന രീതിയിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സാംസിന്റെ വാക്കുകളെന്ന രീതയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്വീറ്റ് ഇങ്ങനെ... ''ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്. കൊല്‍ക്കത്തയ്‌ക്കെതിരെ തന്റെ പ്രകടനം നല്ലതായിരുന്നില്ല. തോല്‍വിക്ക് താനാണ് ഉത്തരവാദി. പക്ഷേ, തന്റെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിലുള്ള വിമര്‍ശനവും അധിക്ഷേപവും അംഗീകരിക്കാന്‍ കഴിയില്ല. ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും നിരവധിയാളുകള്‍ മോശം സന്ദേശങ്ങള്‍ അയക്കുന്നുണ്ട്.''
എന്നാല്‍ സാംസ് ഇത്തരത്തില്‍ പറഞ്ഞില്ലെന്നുള്ള വാദവുമുണ്ട്. ട്വിറ്ററില്‍ പ്രചരിക്കുന്ന ഔദ്യോഗി അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റുകളല്ലെന്നുള്ളതാണ് വാദം. സ്‌ക്രീന്‍ ഷോട്ടോടെ പ്രചിരിക്കുന്ന ട്വീറ്റിലെ അക്കൗണ്ടിന് ബ്ലൂ ടിക്കും ഇല്ല.
മുംബൈയുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയായിരുന്നിത്. ഒരു പോയിന്റ് പോലും അവര്‍ക്ക് നേടാനായിട്ടില്ല. ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവരൊഴികെ മറ്റാരും പ്രതീക്ഷ നല്‍കുന്ന പ്രകടനം പുറത്തെടുക്കുന്നില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്ക് ബാറ്റിംഗിലും തിളങ്ങാനാവുന്നില്ല. ബൗളര്‍മാരും നിരാശപ്പെടുത്തുന്നു. ജസ്പ്രിത് ബുമ്രയ്ക്ക് പിന്തുണ ലഭിക്കുന്ന തരത്തില്‍ ആരും പന്തെറിയുന്നുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!