
മുംബൈ: ഐപിഎല്ലില്‍(IPL 2022) മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ(CSK vs MI) തകര്‍ച്ച തുടങ്ങിയത് ആദ്യ ഓവറിലെ രണ്ടാം പന്തിലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 88 റണ്‍സുമായി ചെന്നൈയുടെ ടോപ് സ്കോററായ ഡെവോണ്‍ കോണ്‍വെയെ(Devon Conway) ഡാനിയേല്‍ സാംസ്(Daniel Sams) രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ചെന്നൈ ഞെട്ടി. പവര്‍ കട്ട് മൂലം വാംഖഡെ സ്റ്റേഡിയത്തില്‍ കറന്‍റ് ഇല്ലാതിരുന്നതിനാല്‍ ഡിആര്‍എസ് സംവിധാനം തുടക്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ സാംസിന്‍റെ പന്തില്‍ എല്‍ബിഡബ്ല്യു ആയ കോണ്‍വെക്ക് അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാനും കഴിഞ്ഞില്ല. പിന്നീട് റീ പ്ലേകളില്‍ പന്ത് ലെഗ് സ്റ്റംപ് ലൈനിലേക്ക് പോകുന്നുവെന്ന് വ്യക്തമായത് ചെന്നൈക്ക് ഇരുട്ടടിയാവുകയും ചെയ്തു. അതേ ഓവറില്‍ മൊയീന്‍ അലിയെയും മടക്കി സാംസ് ചെന്നൈക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ തുടക്കത്തിലെ ചെന്നൈ തകര്‍ന്നടിയുകയും ചെയ്തു.
ടി20 ക്രിക്കറ്റില്‍ 3996 റണ്‍സടിച്ചിട്ടുള്ള കോൻണ്‍വെ 90 തവണ പുറത്തായിട്ടുണ്ടെങ്കിലും ടി20 കരിയറില്‍ ഇത് രണ്ടാം തവണ മാത്രമാണ് കിവീസ് താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താവുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. അതും ഡിആര്‍എസ് ഇല്ലാതിരുന്നതിന്‍റെ പേരില്‍ മാത്രം. ഇന്നത്തെ മത്സരത്തിന് മുമ്പ് 2013ലാണ് കോണ്‍വെ ടി20യില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത്.
ഉത്തപ്പയും വീണു
മൂന്നാം ഓവറില്‍ റോബിന്‍ ഉത്തപ്പയെ ജസ്പ്രീത് ബുമ്രയും വിക്കറ്റിന് മുന്നില്‍ കുടുക്കി. ഡിആര്‍എസ് ഇല്ലാതിരുന്നതിനാല്‍ ഉത്തപ്പക്കും റിവ്യു എടുക്കാനായില്ല. ബുമ്രയുടെ പന്ത് ഓഫ് സ്റ്റംപില്‍ തട്ടുമെന്നായിരുന്നു റീപ്ലേകളില്‍ വ്യക്തമായത്. ഉത്തപ്പയെ കൂടി നഷ്ടമായതോടെ രണ്ടാം ഓവറില്‍ തന്നെ ചെന്നൈ 5-3ലേക്ക് കൂപ്പുകുത്തി. ഐപിഎല്ലില്‍ ആദ്യ അഞ്ചോവറിനുള്ളില്‍ ചെന്നൈക്ക് മൂന്ന് വിക്കറ്റ് നഷ്ടമാവുന്നത് ഇത് മൂന്നാം തവണയാണ്. മൂന്ന് തവണയും മുംബൈ ഇന്ത്യന്‍സിനെതിരെ ആയിരുന്നു.
ഡിആര്‍എസ് തിരിച്ചുവന്നത് അഞ്ചാം ഓവറില്‍
ആദ്യ നാലോവറില്‍ ഡിആര്‍എസ് ഇല്ലാതിരുന്നതിനാല്‍ ചെന്നൈക്ക് രണ്ട് വിക്കറ്റ് നഷ്ടമായെങ്കില്‍ ഡാനിയേല്‍ സാംസ് എറിഞ്ഞ അഞ്ചാം ഓവറില്‍ സ്റ്റേഡിയത്തില്‍ കറന്‍റെത്തി. ഡിആര്‍എസ് തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും പവര്‍ പ്ലേ പിന്നിടുമ്പോള്‍ 32 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ ചെന്നൈക്ക് നഷ്ടമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!