
മുംബൈ: ഐപിഎല്ലില്‍(IPL 2022) പഞ്ചാബ് കിംഗ്‌സിനെതിരെ (Punjab Kings) ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans) 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 രണ്‍സെടുത്തു. 27 പന്തില്‍ 64 റണ്‍സെടുത്ത ലിയാം ലിവിംഗ്‌സ്റ്റണാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 35 റണ്‍സെടുത്തു. ഗുജറാത്തിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റെുത്തു.
തുടക്കം പാളി, ഒടുക്കവും
പവര്‍ പ്ലേയില്‍ രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളെ നഷ്ടമായി. ഒമ്പത് പന്തില്‍ അഞ്ച് റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ റാഷിദ് ഖാന്‍ കൈയിലൊതുക്കി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ജോണി ബെയര്‍സ്റ്റോയും ധവാനും ഷമിയെ മൂന്നാം ഓവറില്‍ ഓരോ തവണ ബൗണ്ടറി കടത്തിയതോടെ പഞ്ചാബ് സ്കോര്‍ ബോര്‍ഡിന് അനക്കം വെച്ചു. അഞ്ചാം ഓവറില്‍ ലോക്കി ഫെര്‍ഗൂസനെ ശിഖര്‍ ധവാന്‍ രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും അഞ്ചാം പന്തില്‍ ജോണി ബെയര്‍സ്റ്റോയെ(8 പന്തില്‍ 8) ഷോര്‍ട്ട് തേര്‍ഡ് മാനില്‍ രാഹുല്‍ തെവാട്ടിയയുടെ കൈകകളിലെത്തിച്ച് ഫെര്‍ഗൂസന്‍ പഞ്ചാബിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു.
തകര്‍ത്തടിച്ച് ലിവിംഗ്‌സ്റ്റണ്‍
മൂന്നാം വിക്കറ്റില്‍ ലിവിംഗ്‌സ്റ്റണും ശിഖര്‍ ധവാനും ചേര്‍ന്ന് 52 റണ്‍സടിച്ച് പഞ്ചാബ് സ്കോറിന് മാന്യത നല്‍കി. കൂട്ടത്തില്‍ ലിവിംഗ്‌സ്റ്റണ്‍ ആയിരുന്നു ആക്രമണകാരി. പത്താം ഓവറില്‍ ധവാനെ(30 പന്തില്‍ 35) മടക്കി റാഷിദ് ഖാന്‍ ഗുജറാത്തിന് മേല്‍ക്കൈ നല്‍കി. എന്നാല്‍ ധവാന് പകരമെത്തിയ ജിതേഷ് ശര്‍മ ലിവിംഗ്‌സ്റ്റണ് ഒത്ത പങ്കാളിയായതോടെ പഞ്ചാബ് 12-ാം ഓവറില്‍ 100 കടന്നു. രാഹുല്‍ തെവാട്ടിയിയ എറിഞ്ഞ പതിമൂന്നാം ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും അടക്കം 24 റണ്‍സടിച്ച് പഞ്ചാബ് ടോപ് ഗിയറിലായി. 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ലിവിംഗ്‌സ്റ്റണ്‍ പഞ്ചാബിന് പ്രതീക്ഷയായി. പതിനാലാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ ജിതേഷ് ശര്‍മയെയും(11 പന്തില്‍ 23), ഒഡീന്‍ സ്മിത്തിനെയും(0) മടക്കി ദര്‍ശന്‍ നാല്‍ക്കണ്ഡെ പഞ്ചാബിന് ഇരുട്ടടി നല്‍കി.
റാഷിദിന്‍റെ ഇരട്ടപ്രഹരത്തില്‍ കഥ കഴിഞ്ഞ് പഞ്ചാബ്
പതിനാറാം ഓവര്‍ എറിയാനെത്തിയ റാഷിദ് ഖാനെ സിക്സടിക്കാന്‍ ശ്രമിച്ച ലിവിംഗ്‌സ്റ്റണ്‍ ബൗണ്ടറിയില്‍ ഡേവിഡ് മില്ലറുടെ കൈകളിലൊതുങ്ങിയതോടെ 200 കടക്കാമെന്ന പഞ്ചാബിന്‍റെ മോഹം പൊലിഞ്ഞു. ആ ഓവറിലെ അഞ്ചാം പന്തില്‍ അവസാന പ്രതീക്ഷയായ ഷാരൂഖ് ഖാനെ(15) റാഷിദ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ 200 കടക്കുമെന്ന് കരുതിയ പഞ്ചാബ് സ്കോര്‍ 189 റണ്‍സിലൊതുങ്ങി. 15 ഓവറില്‍ 152 റണ്‍സിലെത്തിയ പഞ്ചാബിന് അവസാന അഞ്ചോവറില്‍ 37 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന വിക്കറ്റില്‍ 27 റണ്‍സടിച്ച രാഹുല്‍ ചാഹറും(14 പന്തില്‍ 22*) അര്‍ഷദീപ് സിംഗും(5 പന്തില്‍ 10*) ചേര്‍ന്നാണ് പഞ്ചാബിന് മാന്യമായ സ്കോര്‍ ഉറപ്പാക്കിയത്.
ഗുജറാത്തിനായി റാഷിദ് ഖാന്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ലോക്കി ഫെര്‍ഗൂസനും ഹാര്‍ദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. ഗുജറാത്ത് ടീമില്‍ വിജയ് ശങ്കറിനും വരുണ്‍ ആരോണിനും പകരം ദര്‍ശന്‍ നാല്‍കണ്ഡേയും സായ് സുദര്‍ശനും അന്തിമ ഇലവനിലെത്തി. പഞ്ചാബ് കിംഗ്സ് ടീമിലും ഒരു മാറ്റമുണ്ട്. ഭാനുക രാജപക്സെക്ക് പകരം ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സറ്റോ പഞ്ചാബ് ടീമിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!