
മുംബൈ: ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാൻ റോയൽസനെതിര മുംബൈ ഇന്ത്യന്‍സിന്(Rajasthan Royals vs Mumbai Indians)159 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 52 പന്തില്‍ 67 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാനായി പൊരുതിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 16 റണ്‍സെടുത്ത് പുറത്തായി. മുംബൈക്കായി റിലെ മെറിഡിത്തും ഹൃത്വിക് ഷൊക്കീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതീക്ഷ കാത്ത് ബട്‌ലര്‍, നിരാശരാക്കി സഞ്ജുവും പടിക്കലും
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലും ജോസ് ബട്‌ലറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. അഞ്ചാം ഓവറില്‍ ടീം സ്കോര്‍ 26ല്‍ നില്‍ക്കെ ദേവ്ദത്തിനെ(15 പന്തില്‍ 15) വീഴ്ത്തി ഷൊക്കീനാണ് മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. വണ്‍ ഡൗണായി ക്രീസിലത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ രണ്ട് സിക്സുമായി നല്ല തുടക്കമിട്ടെങ്കിലും ഏഴ് പന്തില്‍ 16 റണ്‍സെടുത്ത് കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ പുറത്തായി.
സഞ്ജുവും പടിക്കലും മടങ്ങിയതോടെ ഇന്നിംഗ്സ് തകരാതെ കാത്ത ബട്‌ലര്‍ പതിവു ആക്രമണശൈലി പുറത്തെടുത്തില്ല.45 പന്തിലാണ് ബട്‌ലര്‍ അര്‍ധസെഞ്ചുറി തികച്ചത്. പതിനാറാം ഓവര്‍ എറിയാനെത്തിയ ഷൊക്കീനെതിരെ തുടര്‍ച്ചയായി നാലു സിക്സുകള്‍ പറത്തി അര്‍ധസെഞ്ചുറി തികച്ച ബട്‌ലറാണ് രാജസ്ഥാന്‍ ഇന്നിംഗ്സിന് ഗതിവേഗം നല്‍കിയത്. എന്നാല്‍ അതേ ഓവറില്‍ ബട്‌ലര്‍(52 പന്തില്‍ 67) മടങ്ങിയത് അവസാന ഓവറുകളില്‍ രാജസ്ഥാന് തിരിച്ചടിയായി.
തുഴഞ്ഞ് തുഴഞ്ഞ് ഹെറ്റ്മെയര്‍, തകര്‍ത്തകടിച്ച് അശ്വിന്‍
അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട ഹെറ്റ്മെയര്‍ നിരാശ സമ്മാനിച്ചപ്പോള്‍ തകര്‍ത്തടിച്ച അശ്വിനാണ്(9 പന്തില്‍ 21) രാജസ്ഥാനെ 150 കടത്തിയത്. 14 പന്ത് നേരിട്ട ഹെറ്റ്മെയര്‍ ആറ് റണ്‍സ് മാത്രമെടുത്ത് പുറത്താകാതെ നിന്നു. അവസാന ഓവറില്‍ വൈഡ് അടക്കം മൂന്ന് റണ്‍സ് മാത്രമാണ് ഹെറ്റ്മെയര്‍ക്ക് നേടാനായത്.
നേരത്തെ ടോസ് നേടിയ മുംബൈ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ലഖ്നൗവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് മുംബൈ ഇന്നിറങ്ങുന്നത്. ഡൊണാള്‍ഡ് ബ്രെവിസിന് പകരം ടിം ഡേവിഡും ജയദേവ് ഉനദ്ഘട്ടിന് പകരം കുമാര്‍ കാര്‍ത്തികേയയും മുംബൈ ടീമിലെത്തി. രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ മാറ്റങ്ങളൊന്നുമുണ്ടായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!